കോയിപ്പാടി കടപ്പുറത്ത് ആരോഗ്യ ഉപകേന്ദ്രം ഉപയോഗിക്കാതെ നശിക്കുന്നു; കൊപ്പളം ആയുഷ്മാന്‍ ആരോഗ്യകേന്ദ്രവും തഥൈവ
ഏഴുവര്‍ഷമായി അടഞ്ഞുകിടക്കുന്ന കുമ്പള കോയിപ്പാടിയിലെ ആരോഗ്യ ഉപകേന്ദ്രം
കുമ്പള: ജില്ലയിലെ ആരോഗ്യ മേഖലകളിലുണ്ടായ ഉണര്‍വ് തീരദേശ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടമാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ തീരദേശ മേഖലയിലുള്ള ആരോഗ്യകേന്ദ്രങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് തീരദേശവാസികളുടെ പരാതി.
കുമ്പള കോയിപ്പാടി കടപ്പുറത്ത് കെട്ടിപ്പൊക്കിയ ആരോഗ്യ ഉപകേന്ദ്രം ഇപ്പോഴും നോക്കുകുത്തിയായി നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതാണ് ഈ ആരോഗ്യ കേന്ദ്രം. തീരദേശ വികസന കോര്‍പ്പറേഷന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോയിപ്പാടിയില്‍ ഒരു ആരോഗ്യ കേന്ദ്രം വരുന്നത് വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ നോക്കി കണ്ടത്. കെട്ടിടം കെട്ടിപ്പൊക്കിയതല്ലാതെ പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ഇപ്പോള്‍ കെട്ടിടം കടല്‍ കാറ്റേറ്റ് വാതിലുകളും, ജനാലകളും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ജില്ലാ ആരോഗ്യവകുപ്പ് മേധാവികളെ കണ്ട് പല തവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
മൊഗ്രാല്‍ കൊപ്പളത്തെ ജനകീയ ആരോഗ്യ കേന്ദ്രത്തിനും (ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രം) ഇതുതന്നെയാണ് സ്ഥിതി. ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളോളമായി. ദേശീയപാത, റെയില്‍വേ വികസനം വന്നതോട് കൂടി യാത്രാദുരിതം നേരിടുന്ന പടിഞ്ഞാര്‍ പ്രദേശത്തുകാര്‍ക്ക് പനി വന്നാല്‍ പോലും കുമ്പളയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരം എന്ന നിലയിലാണ് പ്രദേശവാസികള്‍ ഒരു ഡോക്ടറുടെ സേവനം ആരോഗ്യ കേന്ദ്രത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടു വരുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. കുഞ്ഞുങ്ങള്‍ക്കുള്ള കുത്തിവെപ്പ് മാത്രമാണ് ഈ ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ നടക്കുന്നത്.