ആറാം ക്ലാസ് പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ അഡൂര്‍ സ്‌കൂള്‍ കുട്ടികളുടെ കലാവിരുത്

By :  Sub Editor
Update: 2025-06-14 10:53 GMT

അഡൂര്‍ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കളിമണ്‍ ടൈല്‍ ചിത്രം ആറാം ക്ലാസ് പാഠപുസ്തകത്തിന്റെ കവര്‍ പേജില്‍ സ്ഥാനം പിടിച്ചപ്പോള്‍

മുള്ളേരിയ: ആറാം ക്ലാസ് കലാ വിദ്യാഭ്യാസ പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ ഇടംപിടിച്ച് അഡൂര്‍ ജി.എച്ച്.എസ്.എസിന്റെ പ്രവേശന കവാടത്തിലെ ഭിത്തിയില്‍ കുട്ടികള്‍ ഒരുക്കിയ ടൈലുകളുടെ ചിത്രം. 2024 ഒക്ടോബറില്‍ ചിത്രകാരന്മാരുടെ കൂട്ടായ ട്രാസേഴ്‌സുമായി സഹകരിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച പട്ടാംഗ കാംപിലാണ് കലാസൃഷ്ടി ഒരുക്കിയത്. 300 ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 400ലധികം ഷഡ്ഭുജ ആകൃതിയിലുള്ള കളിമണ്‍ ടൈലുകള്‍ നിര്‍മ്മിച്ചു. പിന്നീട് ഇവ സ്‌കൂളിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന മതിലില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കളിമണ്‍ ടൈല്‍ മതില്‍കൂടിയാണിത്.

കലയിലും കരകൗശലത്തിലും കുട്ടികളുടെ പങ്കാളിത്തം പ്രകടമാക്കിയതിനാലാണ് ചിത്രം തിരഞ്ഞെടുത്തതെന്നും കുട്ടികളെ കലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ ഇത് പ്രേരിപ്പിക്കുമെന്നും മുഖചിത്രം തിരഞ്ഞെടുത്തതിനെ കുറച്ച് എസ്.സി.ഇ. ആര്‍.ടി അധികൃതര്‍ വ്യക്തമാക്കി.


Similar News