പുഴകളും ജലസ്രോതസുകളും വറ്റിവരണ്ടു; ഗ്രാമീണ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം

By :  Sub Editor
Update: 2025-05-13 09:11 GMT

വറ്റിവരണ്ട ഏല്‍ക്കാന പുഴ

പെര്‍ള: പുഴകളും ജലസ്രോതസുകളും വറ്റിവരണ്ടു. ജലം കിട്ടാക്കനിയായി മാറി. ഇതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയവ കൃഷിയിറക്കിയ കര്‍ഷകരെയാണ് വെള്ളത്തിന്റെ ലഭ്യതക്കുറവ് സാരമായി ബാധിച്ചിരിക്കുന്നത്. ബദിയടുക്ക, പുത്തിഗെ, എന്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരാണ് ഏറെയും. ഇവരില്‍ പലരും ആശ്രയിക്കുന്നത് പുഴവെള്ളത്തെയാണ്. പുഴയില്‍ ജല ലഭ്യത കുറഞ്ഞാലും കുഴിയുണ്ടാക്കി മോട്ടോര്‍ ഘടിപ്പിച്ച് കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ വേനല്‍ ചൂടിന്റെ കാഠിന്യംകൊണ്ട് ഭൂഗര്‍ഭ ജലം താഴ്ന്നു. എത്ര താഴ്ചയില്‍ കുഴിയെടുത്താലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചുവെങ്കിലും കൃഷിക്ക് മതിയായ വെള്ളം ലഭിച്ചില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. പുഴകളും മറ്റു ജലസ്രോതസുകളും വറ്റിയതോടെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയും നിലച്ചമട്ടിലാണ്. പുഴയിലെ കുഴല്‍ കിണറില്‍ നിന്നും പൈപ്പ് ലൈന്‍ വഴിയാണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. അതും ഏതാണ്ട് നിലച്ചമട്ടാണ്. കിണറോ മറ്റു ജലസ്രോതസോ ഇല്ലാത്ത കുടുംബങ്ങള്‍ ദാഹജലത്തിന് പോലും നേട്ടോട്ടമൊടുന്ന കാഴ്ചയാണ് ഗ്രാമീണ മേഖലകളില്‍ കണ്ടു വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാഹനത്തില്‍ വെള്ളം എത്തിച്ചിരുന്നു. ഇത്തവണ അതും ഉണ്ടായില്ല.


Similar News