അംഗന്‍വാടി പരിസരത്ത് റോഡരികില്‍ ചളിക്കുഴി; രക്ഷിതാക്കള്‍ ആശങ്കയില്‍

By :  Sub Editor
Update: 2025-06-03 07:54 GMT

മാടത്തടുക്ക അംഗന്‍വാടി പരിസരത്ത് രൂപപ്പെട്ട കുഴി

ബദിയടുക്ക: റോഡരികിലെ ചളിക്കുഴി താണ്ടി അംഗന്‍വാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ എത്തണമെങ്കില്‍ രക്ഷിതാക്കള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും സാഹസത്തിന് മുതിരേണ്ടി വരുന്നതായി പരാതി. ബദിയടുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡ് മാടത്തടുക്ക അംഗന്‍വാടിക്ക് മുന്നില്‍ ചുറ്റുമതിലിന് സമീപത്തായി റോഡരികിലാണ് കുഴിയുള്ളത്. പൈപ്പ് ലൈനിന് എടുത്ത കുഴി ബന്ധപ്പെട്ടവര്‍ മണ്ണിട്ട് നികത്താതെ ഉപേക്ഷിച്ചതോടെയാണ് മഴക്കാലത്ത് അംഗന്‍വാടിയിലെത്തുന്ന പിഞ്ചുകുട്ടികള്‍ക്ക് ഭീഷണിയായി മാറിയത്. ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴവെള്ള പാച്ചിലില്‍ കുഴിയിലെ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചുപോവുകയും റോഡരികില്‍ ഒന്നര മീറ്റര്‍ താഴ്ചയുള്ള കുഴി രൂപപ്പെടുകയും ചെയ്തു. ഇതോടെ കുട്ടികള്‍ക്ക് അംഗന്‍വാടിയിലെത്താന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. ബദിയടുക്ക-പെര്‍ള റോഡിലെ കാടമനയില്‍ നിന്നും മാടത്തടുക്ക വഴി വിദ്യാഗിരിയിലേക്ക് ചെന്നെത്തുന്ന പഞ്ചായത്ത് റോഡിലാണ് കുഴി രൂപപ്പെട്ടത്. പാതയോരത്തും അംഗന്‍വാടി പരിസരത്തും രൂപപ്പെട്ട കുഴി അടിയന്തരമായും നികത്തണമെന്ന ആവശ്യം ശക്തമാണ്.



 



Similar News