ജനറല്‍ ആസ്പത്രിയിലെ ജനറേറ്റര്‍ തകരാര്‍; അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങി

By :  Sub Editor
Update: 2025-03-05 11:25 GMT

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രകിയകള്‍ അടക്കം മുടങ്ങി. വലുതും ചെറുതുമായ ശസ്ത്രക്രിയകളാണ് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മുടങ്ങിയത്. ആസ്പത്രിയിലെ ജനറേറ്ററിനെ ആശ്രയിച്ചാണ് പല ശസ്ത്രക്രിയകള്‍ക്കും ദിവസം നിശ്ചയിക്കാറുള്ളത്. ഇന്നലെ നടത്താന്‍ തീരുമാനിച്ച ശസ്ത്രക്രിയകളെല്ലാം മുടങ്ങി. ഇതേത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തിലായി.

ഇന്നലെ പലവട്ടം വൈദ്യുതി നിലച്ചിരുന്നു. ഒ.പിയിലും മറ്റും എത്തിയ രോഗികളും ഡോക്ടര്‍മാരും ജീവനക്കാരും ദുരിതത്തിലായത് മണിക്കൂറുകളോളമാണ്. രാത്രിയും നിരവധി തവണ വൈദ്യുതി നിലച്ചതോടെ മെഴുകുതിരി വെട്ടത്തിലായിരുന്നു ഡോക്ടര്‍മാരും നേഴ്‌സുമാരും രോഗികളെ പരിശോധിച്ചതും പരിചരിച്ചതും. ജനറല്‍ ആസ്പതിയിലെ ജനറേറ്ററിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. വൈദ്യുതി നിലച്ചാല്‍ അടിയന്തര ശസ്ത്രക്രിയ, എക്‌സറെ എന്നിവയ്ക്ക് നിലവിലുള്ള ജനറേറ്ററാണ് ആശ്രയിക്കുന്നത്. ആറുനിലകളില്‍ പ്രവര്‍ത്തിക്കുന്ന ആസ്പത്രിയില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ ഡോക്ടര്‍മാരുടെ പരിശോധനാ മുറികളും ഒന്നാം നിലയില്‍ പ്രസവ വാര്‍ഡും രണ്ടും മൂന്നും നിലകളില്‍ സ്ത്രീകളുടെയും നാലാം നിലയില്‍ കുട്ടികളുടെയും വാര്‍ഡുകളാണ് സ്ഥിതി ചെയ്യുന്നത്. അഞ്ചും ആറും നിലകളില്‍ ഐ.സി.യു, ശസ്ത്രക്രിയ മുറികളാണ് ഉള്ളത്. മണിക്കൂറുകളോളം വൈദ്യുതി നിലച്ചാല്‍ ഈ കെട്ടിടത്തിലെ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കാന്‍ ഒരു ജനറേറ്ററാണ് ഉള്ളത്. ഇതാകട്ടെ പലപ്പോഴും പണിമുടക്കിലുമാണ്. ഈ കാരണം ചൂണ്ടികാട്ടി ആസ്പത്രി അധികൃതര്‍ നഗരസഭ അധികൃതരെ ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആസ്പത്രിയുടെ മേല്‍നോട്ടം കാസര്‍കോട് നഗരസഭയ്ക്കാണ്. ആരോഗ്യ വകുപ്പ് മന്ത്രി ആസ്പത്രി സന്ദര്‍ശിക്കുന്ന സമയത്തും ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചട്ടഞ്ചാലിലെ ടാറ്റാ ആസ്പ്രത്രിയില്‍ നിലവില്‍ വലിയ ജനറേറ്ററുകള്‍ ഉണ്ട്. ടാറ്റാ ആസ്പത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ജനറേറ്റര്‍ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി സ്ഥാപിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജനറേറ്റര്‍ അവിടെ നിന്ന് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപയോളം ചെലവ് വരുമത്രെ. ഈ തുക നഗരസഭ വഹിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ടാറ്റാ ആസ്പത്രിയിലെ ജനറേറ്റര്‍ ഇങ്ങോട്ടേക്ക് മാറ്റിയാല്‍ ശസ്ത്രക്രിയ, സി.ടി സ്‌കാന്‍ എന്നിവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്താന്‍ കഴിയും. ഇപ്പോള്‍ ആസ്പത്രിയിലെത്തുന്ന രോഗികള്‍ സി.ടി സ്‌കാന്‍ അടക്കമുള്ളവ പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. നഗരസഭ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇതിന് താല്‍ക്കാലിക പരിഹാരം കാണാനും ഇവിടെ എത്തുന്ന രോഗികള്‍ക്ക് അത് ആശ്വാസമേകാനും കഴിയും.

Similar News