മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിലൊതുങ്ങി; ബദിയടുക്ക-പെര്‍ള റോഡരികില്‍ മാലിന്യക്കൂമ്പാരം

By :  Sub Editor
Update: 2025-07-03 10:48 GMT

ബദിയടുക്ക-പെര്‍ള റോഡിലെ ഉക്കിനടുക്ക വളവില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍

ബദിയടുക്ക: മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തി മാസങ്ങള്‍ക്കുള്ളില്‍ റോഡരികില്‍ മാലിന്യക്കൂമ്പാരം. അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നത് റോഡരികില്‍. ബദിയടുക്ക-പെര്‍ള റോഡിലെ ഉക്കിനടുക്ക ഇറക്കത്തിലാണ് റോഡിന് ഇരുവശവും അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ഠങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത്. മഴ പെയ്തതോടെ അറവ് മാലിന്യങ്ങളില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് മൂക്ക് പൊത്തി വേണം ഇതുവഴി സഞ്ചരിക്കാന്‍. ചിലയിടങ്ങളില്‍ മാലിന്യം തള്ളാന്‍ പാടില്ലെന്ന സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതേസ്ഥലത്ത് തന്നെയാണ് മാലിന്യം തള്ളുന്നത്. ചാക്കില്‍ നിറച്ച് കോഴി മാലിന്യം, വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കുപ്പികള്‍ എന്നിവ ഈ കൂമ്പാരത്തില്‍ കാണാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മഴക്കാലത്തേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണരണം. ബദിയടുക്ക-കുമ്പള റോഡരികിലെ ബേള-ധര്‍മ്മത്തടുക്ക, നീര്‍ച്ചാല്‍-മധൂര്‍ റോഡിലെ കൊറത്തികുണ്ട്, ബദിയടുക്ക-ചെര്‍ക്കള പാതയോരത്തെ മായിലംകൊടി തുടങ്ങി പലയിടത്തും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. അതിലുപരി ബദിയടുക്ക മൂക്കംപാറ നൈഫ് റോഡ് ജംഗ്ഷനിലെ വളവില്‍ ഇരുളിന്റെ മറവില്‍ അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നത് പതിവാണ്.

മഴക്കാലത്ത് ഇത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും കാരണമാകും. മഴവെള്ളം മാലിന്യങ്ങളില്‍ കെട്ടി കിടന്ന് കൊതുകുകള്‍ നിറഞ്ഞ് പകര്‍ച്ച വ്യാധി പടരുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധചെലുത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടണെന്നും കൊറത്തികുണ്ട്, മായിലംകൊടി, നൈഫ് റോഡ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സി.സി. ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം നടപ്പിലാകുന്നുമില്ല.


Similar News