പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ കണ്ണ് തുറന്നു; പള്ളത്തമൂലയില്‍ റോഡിലെ കുഴികള്‍ അടച്ചു തുടങ്ങി

By :  Sub Editor
Update: 2025-07-15 10:33 GMT

പള്ളത്തമൂലയില്‍ റോഡിലെ കുഴികള്‍ അടക്കുന്ന പ്രവൃത്തി ആരംഭിച്ചപ്പോള്‍

ബദിയടുക്ക: പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ കണ്ണ് തുറന്നു. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ എടനീര്‍ മുതല്‍ പള്ളത്തടുക്ക വരെ കുഴികള്‍ റോഡിലെ കുഴിയടക്കല്‍ പ്രവൃത്തി തുടങ്ങി. ആദ്യഘട്ടത്തില്‍ എടനീര്‍ മുതല്‍ പള്ളത്തടുക്ക വരെയുള്ള പാതയിലെ കുഴികള്‍ അടയ്ക്കുന്നതിന് ആറ് ലക്ഷം രൂപയും നവീകരണ പ്രവര്‍ത്തനത്തിന് 35 കോടി രൂപയും അനുവദിച്ചു. എടനീര്‍ മുതല്‍ പള്ളത്തടുക്ക വരെ കുഴികള്‍ രൂപപ്പെട്ട് ഗര്‍ത്തങ്ങളായി മാറിയിരുന്നു. കാലവര്‍ഷം ആരംഭിച്ചതോടെ കുഴിയില്‍ വെള്ളം കെട്ടി നിന്ന് റോഡ് ഏതെന്നോ കുഴി ഏതെന്നോ അറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ പള്ളത്തടുക്കയില്‍ ധര്‍ണ്ണ നടത്തിയിരുന്നു. അതിന് പിന്നാലെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലും പള്ളത്തടുക്കയിലെ കുഴികളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുളിച്ചും നീന്തിയും വേറിട്ട സമരവുമായി പ്രതിഷേധിച്ചിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം കമ്മിറ്റിയും ജനകീയ സമര സമിതിയും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. കിഫ്ബി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് ആദ്യഘട്ടത്തില്‍ റോഡിലെ കുഴികള്‍ അടക്കാനും പിന്നീട് നവീകരണ പ്രവര്‍ത്തനം നടത്തുന്നതിനും തുക അനുവദിക്കുകയായിരുന്നു.


Similar News