രോഗങ്ങള്‍ പടരുമ്പോഴും വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രം
വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രം
പെര്‍ള: മഞ്ഞപിത്തം, പനി തുടങ്ങിയ മഴക്കാല പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രം. നിയമനം ലഭിച്ച ഡോക്ടറാകട്ടെ ചുമതലയേറ്റ ദിവസം തന്നെ അവധിയില്‍ പ്രവേശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ എന്‍മകജെ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തോടാണ് അധികൃതരുടെ അവഗണന. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ ദിനേന ആസ്പത്രിയില്‍ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതെ രോഗികള്‍ക്ക് മടങ്ങി പോകേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. ആര്‍ദ്രം പദ്ധതി പ്രകാരം കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് ഒരു കോടി രൂപ ചെലവില്‍ ആസ്പത്രിക്ക് കെട്ടിടം പണിതിട്ടും ആവശ്യത്തിന് ഡോക്ടറയോ മറ്റു ജീവനക്കാരെയോ നിയമിച്ചിട്ടില്ല. ലാബ് പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളും ഇല്ലാതെ കെട്ടിടം കാഴ്ച വസ്തുവുമായി മാറുകയാണ്. സംസ്ഥാനത്തെ വടക്കെ അറ്റത്ത് കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ സമീപ പ്രദേശങ്ങളിലെ രോഗികള്‍ പോലും ചികിത്സക്കായി എത്തുന്ന ആസ്പത്രിയോടാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ. ഇവിടെ കിടത്തി ചികിത്സക്കുള്ള സൗകര്യവുമില്ല. അടിയന്തര ചികിത്സ ആവശ്യമെങ്കില്‍ പ്രദേശവാസികളിലെ രോഗികള്‍ മംഗളൂരുവിലെയോ കര്‍ണാടക പുത്തൂരിലെയോ ആസ്പത്രികളെ ആശ്രയിക്കേണ്ടി വരുന്നു.