പാലക്കുന്നില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവായി; കിട്ടാത്ത വെള്ളത്തിന് പണവും നല്‍കണമെന്ന പരാതിയുമായി നാട്ടുകാര്‍

Update: 2025-03-24 11:55 GMT

പാലക്കുന്ന്: ബി.ആര്‍.ഡി. സി കുടിവെള്ള പദ്ധതിയിലൂടെ ഉദുമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം പാലക്കുന്നില്‍ കിട്ടുന്നില്ലെന്ന് പരാതി. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് പടിഞ്ഞാര്‍ ഭാഗത്തെ വീടുകളിലാണ് ഒരു മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയിട്ടുള്ളത്.

കരിച്ചേരി പുഴയില്‍ നിന്ന് പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം, തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലെ ജലസംഭരണികളില്‍ എത്തിക്കുന്നതാണ് പതിവ് രീതി. പാലക്കുന്ന് പള്ളത്തിലെ ടാങ്കില്‍ നിന്നാണ് സമീപ പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നത്. ബുധന്‍, ഞായര്‍ ഒഴികെ മറ്റു ദിവസങ്ങളില്‍ രാവിലെ മുതല്‍ നിശ്ചിത സമയത്തിനകം വെള്ളം ലഭിക്കുന്നതാണ് രീതി. ആ വിതരണമാണ് പാലക്കുന്ന് ഭാഗങ്ങളില്‍ ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.

വരള്‍ച്ച മൂലം കുടിവെള്ള ഉപയോഗം കൂടുമ്പോള്‍ ടാങ്കില്‍ നിന്ന് ദൂരെയുള്ളവര്‍ക്ക് ടാപ്പ് തുറന്നാല്‍ വെള്ളത്തിന് പകരം വായുവാണ് പുറത്തു വരുന്നത്. മീറ്റര്‍ കറങ്ങുമെന്നതിനാല്‍ റീഡിങ്ങിലും മാറ്റം വരുന്നു. കിട്ടാത്ത വെള്ളത്തിന് സ്ഥിരമായി ജല അതോറിറ്റിക്ക് ബില്‍ തുക നല്‍കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.

ജലവാഹിനി കുഴലില്‍ കൂടുതല്‍ വാള്‍വ് ഘടിപ്പിച്ച് ടാങ്കില്‍ നിന്നുള്ള വെള്ള ത്തിന്റെ ഒഴുക്ക് ക്രമീകരിക്കാനുള്ള സംവിധാനം ജല അതോറിറ്റി ഒരുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. സമയബന്ധിതമായി അതാതിടങ്ങളില്‍ വാള്‍വില്‍ ക്രമീകരണങ്ങള്‍ നടത്തിയാല്‍ എല്ലാവര്‍ക്കും കുടിവെള്ളം ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്.

Similar News