കശുവണ്ടി വില താഴോട്ട്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

By :  Sub Editor
Update: 2025-05-07 11:00 GMT

ബദിയടുക്ക: വിപണിയില്‍ കശുവണ്ടി വില കുറയാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഈ വര്‍ഷം കശുവണ്ടിക്ക് വിപണിയില്‍ നിന്ന് നല്ല വില ലഭിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി പെയ്ത വേനല്‍മഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുകയാണ്. സീസണില്‍ ആദ്യം ഒരു കിലോ കശുവണ്ടിക്ക് 155 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 130 രൂപയോളമാണ് ലഭിക്കുന്നത്. ഇതോടെ ഒരു കിലോവിന് കര്‍ഷകന് 25 രൂപ വരെ നഷ്ടമുണ്ടാകുന്നു. ഇതിന് പുറമെ കര്‍ഷകര്‍ വില്‍പനക്ക് കൊണ്ടുവരുന്ന കശുവണ്ടി തിരിയാനും തുടങ്ങി. കറുപ്പ് നിറമുളള കശുവണ്ടി വാങ്ങാന്‍ വ്യാപാരികള്‍ മടിക്കുന്നു. തുടര്‍ച്ചയായി മഴ പെയ്താല്‍ കശുവണ്ടി കറുപ്പ് നിറത്തിലാകും. ഇത്തരം കശുവണ്ടി വാങ്ങാന്‍ മൊത്തവ്യാപാരികള്‍ തയ്യാറാകില്ല. ഇതാണ് കറുപ്പ് നിറത്തിലുള്ള കശുവണ്ടി കര്‍ഷകരില്‍ നിന്ന് വാങ്ങാന്‍ ചെറുകിട വ്യാപാരികള്‍ തയ്യാറാകാത്തത്. ഈ വര്‍ഷം കശുവണ്ടിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ലഭിച്ചതെങ്കിലും അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴ തിരിച്ചടിയായി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില കശുവണ്ടിക്ക് ലഭിച്ചപ്പോള്‍ പലയിടത്തും വിളവെടുപ്പ് നേരത്തെ തന്നെ അവസാനിച്ചിരിക്കുകയാണ്. സാധാരണയായി കശുവണ്ടി വിളവെടുപ്പ് നന്നായി നടക്കുന്ന സമയമാണിതെങ്കിലും ഏപ്രില്‍ പകുതിയോടെ തന്നെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളിലടക്കം കശുവണ്ടി വിളവെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കനത്ത ചൂടാണ് ഇതിന് പ്രധാന കാരണം. കശുമാവിന്റെ പൂക്കള്‍ ചൂട് കാരണം കരിഞ്ഞുണങ്ങിയതും മാര്‍ച്ചില്‍ വേനല്‍മഴ ലഭിക്കാത്തതുമാണ് വിളവ് കുറയാന്‍ കാരണമായത്. കശുവണ്ടിയുടെ വില പിടിച്ചുനിര്‍ത്താന്‍ തറവില നിശ്ചയിച്ച് സംഭരണം ഏര്‍പ്പെടുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടാന്‍ തുടങ്ങി കാലമേറെയായി. എന്നാല്‍ അനുകൂല നടപടിയൊന്നും ഉണ്ടായില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. അടുത്ത വര്‍ഷമെങ്കിലും കശുവണ്ടിക്ക് തറവില നിശ്ചയിച്ച് സംഭരണം ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Similar News