മൊഗ്രാലില്‍ സര്‍വീസ് റോഡിലെ ഹമ്പ് ഒഴിവാക്കി ബാരിക്കേട് സ്ഥാപിച്ചു; അപകടസാധ്യതയെന്ന് നാട്ടുകാര്‍

By :  Sub Editor
Update: 2025-04-08 10:55 GMT

മൊഗ്രാല്‍ ടൗണിലെ സര്‍വീസ് റോഡില്‍ ഹമ്പ് ഒഴിവാക്കി വേഗത നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് സ്ഥാപിച്ചപ്പോള്‍

മൊഗ്രാല്‍: ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ പ്രവൃത്തികള്‍ പലതും ദീര്‍ഘവീക്ഷണം ഇല്ലാതെയാണെന്ന് ആക്ഷേപം. മൊഗ്രാലില്‍ ഒരുഭാഗത്ത് സര്‍വീസ് റോഡ് അടച്ചിട്ട് 20 ദിവസം പിന്നിടുന്നു. മറുഭാഗത്ത് ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്ന സ്‌കൂള്‍ റോഡിനും, അടിപ്പാതക്കും സമീപം സര്‍വീസ് റോഡില്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സ്ഥാപിച്ചിരുന്ന ഹമ്പ് റോഡിന്റെ മിനുക്ക് പണികള്‍ നടത്തിയപ്പോള്‍ ഒഴിവാക്കി ബാരിക്കേഡ് സ്ഥാപിച്ചു. ഹമ്പ് മാറ്റിയതോടെ ജംഗ്ഷനില്‍ മൂന്ന് ഭാഗത്ത് നിന്നും അമിതവേഗതയിലാണ് വാഹനങ്ങള്‍ വരുന്നത്. ഇതു വലിയ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ തുറന്നാല്‍ റോഡ് മുറിച്ചു കടക്കാനുണ്ടാകുന്ന അപകട സാധ്യത മുന്‍കൂട്ടി കാണണം, ഹമ്പ് പുനസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ഹമ്പ് സ്ഥാപിക്കുമ്പോള്‍ രാത്രികാലങ്ങളില്‍ വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നതിന് സംവിധാനം ഒരുക്കണമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. അശാസ്ത്രീയമായി നിര്‍മിക്കുന്ന ഹമ്പുകള്‍ പലയിടത്തും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.


Similar News