INDOORE STADIUM | യുവാക്കളുടെ പ്രതീക്ഷയായ ബദിയടുക്ക ഇന്‍ഡോര്‍ സ്റ്റേഡിയം സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നു
ബദിയടുക്ക ബോളുക്കട്ട മിനി സ്റ്റേഡിയത്തില്‍ പഞ്ചായത്തിലെ വിവിധ പദ്ധതി പ്രകാരം വിതരണം ചെയ്യാനെത്തിയ കുടിവെള്ള ടാങ്കുകള്‍ സ്റ്റോക്ക് ചെയ്യുന്നു
ബദിയടുക്ക: ബദിയടുക്കയിലെ യുവാക്കളുടെ പ്രതീക്ഷയായിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട സാധനങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമായി മാറി. ബദിയടുക്ക ബോളുക്കട്ട മിനി സ്റ്റേഡിയത്തിന് സമീപം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം രൂപ ചെലവിലാണ് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അംഗീകൃത കമ്പനികളെ ഏല്‍പിക്കണമെന്നായിരുന്നു നിബന്ധന. ഇതനുസരിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കമ്പനികളെ കിട്ടാത്തതിനാല്‍ പണം നീക്കിവെച്ചിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
സിന്തറ്റിക് നിലം, വയറിങ്ങ്, പ്ലംബിങ്ങ് എന്നിവക്കാണ് ഗവ. അംഗീകൃത കമ്പനികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നാലു ലക്ഷം രൂപ നീക്കി വെച്ചിരുന്നത്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നേരിട്ട് നടത്തുന്ന പ്രവൃത്തിക്കാണ് തുക നല്‍കുന്നത് എന്ന് സൂചിപ്പിച്ചതിനാല്‍ ടെണ്ടറാക്കി പദ്ധതി മാറ്റാന്‍ കഴിഞ്ഞതുമില്ല.
യുവജനങ്ങളില്‍ കായിക അഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം പണിയാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഗുണഭോക്തൃ വിഹിതമെടുത്ത് നിര്‍മ്മിക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ വിമര്‍ശനമുയര്‍ന്നതിനാല്‍ പഞ്ചായത്ത് 25 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്‍കിയാണ് പ്രവര്‍ത്തനം നടത്തിയത്.
നിയമാവലി തയ്യാറാക്കി ക്ലബ്ബുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ നിശ്ചിത തുക ഈടാക്കി വര്‍ഷംതോറും കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് ആലോചിച്ചിരുന്നത്. വര്‍ഷങ്ങള്‍ പലതും പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
നിലവിലെ ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും അതിന് വേണ്ടിയുള്ള തുക വകയിരുത്തുകയോ ബജറ്റില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുമില്ല. ഇതോടെ ബദിയടുക്ക കൃഷി ഭവന് സമീപം കാട് മൂടി കിടക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിലവില്‍ പഞ്ചായത്തിന്റെ സ്റ്റോക്ക് റൂം ആക്കി മാറ്റിയിരിക്കുന്നു. ഇതോടെ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ഇവിടെ തകര്‍ത്തത് യുവാക്കളുടെ പ്രതീക്ഷയാണ്.