സ്മാര്‍ട്ടായി, ക്യൂട്ടായി വൈറലായ അഷ്ഫാഖിനെ തേടി അപ്രതീക്ഷിത സമ്മാനമെത്തി

By :  Sub Editor
Update: 2025-07-26 09:20 GMT

കാസര്‍കോട്: ചില ചിരികള്‍ക്ക് ഏവരുടെയും മനസ് കീഴടക്കാനാകും. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അഷ്ഫാഖിന്റെ നിറഞ്ഞ ചിരി കണ്ട് ഹൃദയം തുറന്ന് ചിരിച്ചത് ലക്ഷങ്ങളാണ്. ഒടുവില്‍ തന്നെത്തേടി എത്തിയ അപ്രതീക്ഷിത സമ്മാനത്തിന് മുന്നില്‍ അഷ്ഫാഖ് ഒന്നുകൂടെ മുഖം നിറഞ്ഞ് ചിരിച്ചു,

തുള്ളിച്ചാടി. ഭിന്നശേഷിക്കാരനായ അഷ്ഫാഖിന് സഹപാഠികളുടെയും അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളിന്റെയും നാടിന്റെയും ആവേശവും അഭിമാനവുമാവുകയാണവന്‍. ശബ്ദംകേട്ട് ക്ലാസിലെ കൂട്ടുകാരെയെല്ലാം തിരിച്ചറിഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ അഷ്ഫാഖിനെ തേടി കഴിഞ്ഞ ദിവസമാണ് പാലക്കാട് നിന്നും പുതുപുത്തന്‍ സൈക്കിള്‍ സമ്മാനമായി എത്തിയത്. ശബ്ദം കേട്ട് സഹപാഠികളെ തിരിച്ചറിയുന്ന അഷ്ഫാഖിന്റെ വീഡിയോ രണ്ട് മില്ല്യനിലേറെ പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഇതിനോടകം കണ്ടത്. കസേരക്ക് പിന്നിലെത്തി പേര് നീട്ടി വിളിക്കുമ്പോള്‍ അവരുടെ പേര് ഓര്‍ത്തെടുത്ത് അഷ്ഫാഖ് പറയുന്ന വീഡിയോ കൗതുകമുണര്‍ത്തുന്നതാണ്. അഷ്ഫാഖിനെയും അവനെ ചേര്‍ത്ത് നിര്‍ത്തുന്ന സഹപാഠികളെയും അധ്യാപകരെയും അഭിനന്ദിച്ച് നിരവധിപേര്‍ കമന്റിട്ടു. വീഡിയോ ഷെയര്‍ ചെയ്തു. സ്‌കൂളിലെ അധ്യാപകനായിരുന്നു വീഡിയോ പങ്കുവെച്ചത്.

അസാധ്യ പ്രകടനത്തിലും വീഭിന്ന ശേഷിയിലും ഹൃദയമലിഞ്ഞ, അതിലൊരു നല്ല മനുഷ്യന്‍ വാഗ്ദാനം നല്‍കിയ സൈക്കിള്‍ സമ്മാനമാണ് സര്‍പ്രൈസ് ഗിഫ്റ്റായി സ്‌കൂളിലെത്തിയത്.

സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അത് അഷ്ഫാഖിന് സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് ഹാരിസ് ബെദിര, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്‍.എം സിദ്ദീഖ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രോഷ്‌നി കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ഫാത്തിമത്ത് റസ്‌ലി സംസാരിച്ചു. അഷ്ഫാഖിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അധ്യാപകന്‍ മുഹമ്മദ് ആഷിഖിനെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. വിദ്യാനഗര്‍ പന്നിപ്പാറയിലെ അഷ്‌ക്കര്‍ അലിയുടെയും ഷമീമയുടെയും മകനാണ് അഷ്ഫാഖ്. അബ്ദുല്‍ അസീസ്, സൈനുല്‍ ആബിദീന്‍ സഹോദരങ്ങളാണ്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ബെദിര പി.ടി.എം.എ.യു.പി സ്‌കൂളിന്റെ മികവും ശ്രദ്ധ നേടുകയാണ്.

Similar News