കടലോരം ക്ലീനായിട്ടും കുമ്പളയില്‍ റോഡ് വക്കില്‍ പ്ലാസ്റ്റിക് മാലിന്യം യഥേഷ്ടം
കുമ്പളയിലെ തീരദേശ റോഡ് വക്കില്‍ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
കുമ്പള: കാസര്‍കോട് ജില്ല മാലിന്യമുക്തം, കടലും കടലോരവും ക്ലീന്‍. എന്നിട്ടും കുമ്പളയില്‍ തീരദേശ റോഡ് വക്കില്‍ മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല. സംസ്ഥാനത്തെ കടല്‍ത്തീരം കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കിയത്. എന്നാല്‍ കടല്‍ത്തീരത്തുള്ള തീരദേശ റോഡ് വക്കില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്. മാലിന്യം വലിച്ചെറിയല്‍ സംസ്‌കാരത്തിനെതിരെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പഴുതുകള്‍ അടച്ചുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പോരാത്തതിന് പിഴ അടക്കമുള്ള ശിക്ഷാ നടപടികളും. മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്തിന് കീഴിലുള്ള എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ദിവസേനയെന്നോണം വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ ഇടുന്നുണ്ട്. 5,000 മുതല്‍ 25,000 രൂപ വരെയാണ് പിഴ ചുമത്തുന്നത്. എന്നിട്ടും വലിച്ചെറിയല്‍ സംസ്‌കാരത്തിന് ഒരു കുറവില്ല. കാസര്‍കോട് ജില്ല മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. പഞ്ചായത്തുകള്‍ കൂടി താമസിയാതെ മാലിന്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കാനിരിക്കെയാണ് കുമ്പളയില്‍ റോഡ് വക്കിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്. കടലില്‍ മത്സ്യ സമ്പത്തിനെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ രണ്ടാംഘട്ട 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയിലൂടെ കഴിഞ്ഞദിവസം സംസ്ഥാനത്തെ 590 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന തീരദേശത്തുനിന്ന് ഒന്നര ലക്ഷത്തോളം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്. ജില്ലയില്‍ നിന്ന് മാത്രം 19.359 കിലോഗ്രാം മാലിന്യമാണ് ഇതുവഴി നീക്കം ചെയ്തത്. കുമ്പള തീരമേഖലയിലും പദ്ധതിയുടെ ഭാഗമായി പെര്‍വാഡ് കടപ്പുറം, മൊഗ്രാല്‍ നാങ്കി പ്രദേശങ്ങളിലും തീരത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. ഏകദിന മാലിന്യനിര്‍മാര്‍ജനമാണ് കഴിഞ്ഞ ദിവസം നടന്നതെങ്കിലും ഇതിന്റെ തുടര്‍ച്ച ഉണ്ടാകുമെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. 2022 മുതല്‍ തുടങ്ങിയതാണ് ഈ പദ്ധതി. തീരത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാലിന്യം തീരദേശ റോഡിന് സമീപം തള്ളാന്‍ തുടങ്ങിയത് തീരദേശവാസികള്‍ക്ക് ദുരിതമായി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.