കന്യപ്പാടി-തലപ്പാനാജ തകര്‍ന്ന റോഡില്‍ ദുരിതയാത്ര

Update: 2025-10-06 10:53 GMT

കന്യപ്പാടി-തലപ്പാനാജെ റോഡ് തകര്‍ന്ന നിലയില്‍

ബദിയടുക്ക: സഞ്ചാര യോഗ്യമായ റോഡിന് വേണ്ടി അധികൃതരുടെ കണ്ണ് തുറക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ് പ്രദേശവാസികള്‍. ബദിയടുക്ക പഞ്ചായത്തിലെ 13,14 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കന്യപ്പാടി-തലപ്പാനാജ റോഡില്‍ നിറയെ പാതാളകുഴി രൂപപ്പെട്ട് തകര്‍ന്ന് തരിപ്പണമായി യാത്ര ദുസ്സമായത്. മഴ പെയ്തതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് റോഡേത് കുഴിയേതെന്നറിയാതെ കാല്‍നടയായി പോകുന്നുവര്‍ കുഴിയില്‍ വീണ് പരിക്കേറ്റ സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനയാത്രക്കാരും റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടി നിന്നതോടെ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 35 ലക്ഷം രൂപ ചെലവില്‍ ടാറിംഗ് നടത്തിയതല്ലാതെ പിന്നീട് ബന്ധപ്പെട്ടവര്‍ ആരും തന്നെ തിരിഞ്ഞുനോക്കിയതുമില്ല. നിലവില്‍ ജെല്ലികള്‍ ഇളകി റോഡില്‍ നിറയെ കുഴികളാണ്. വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പാതയോരത്ത് കൂടി നടന്നുപോകുന്നവരുടെ മേല്‍ ജെല്ലി കല്ലുകള്‍ തെറിച്ച് വീഴുന്നതോടെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമാകുന്നു. കന്യപ്പാടിയില്‍ നിന്നും തലപ്പാനാജെ വഴിയാണ് പെരഡാല ക്ഷേത്രത്തിലേക്കും അതിലൂടെ ബദിയടുക്കയിലേക്കും പെര്‍ള-ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആസ്പത്രി റോഡിലൂടെ പള്ളം വഴി തലപ്പാനാജെയിലൂടെ മാന്യ വഴി നെല്ലിക്കട്ടയിലൂടെ ചെര്‍ക്കളയിലേക്കും കൊല്ലങ്കാനം വഴി കാസര്‍കോട്ടേക്കും എളുപ്പത്തില്‍ ചെന്നെത്താവുന്ന റോഡായത് കൊണ്ട് തലപ്പാനാജെ വഴിയാണ് ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നത്. നാടും നഗരവും വികസിക്കുമ്പോള്‍ തലപ്പാനാജെ പ്രദേശത്തെ അധികൃതര്‍ തീര്‍ത്തും അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായും നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമെന്നോണം റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.


Similar News