മൊഗ്രാല്‍പുത്തൂരില്‍ തയ്യല്‍ തൊഴിലാളിക്ക് കടിയേറ്റത് കാറിനടിയില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, മടിയില്‍ വെച്ച് ഓമനിക്കുന്നതിനിടെ ഉപ്പളയില്‍ രണ്ടര വയസുകാരന്റെ നെറ്റിയില്‍ പൂച്ച മാന്തി
കാസര്‍കോട്: വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകള്‍ അപകടകാരികളായി മാറുന്ന സംഭവങ്ങള്‍ അധികരിച്ചത് ഭീതി സൃഷ്ടിക്കുന്നു. പൂച്ചയുടെ നഖംകൊണ്ടുള്ള മുറിവേറ്റ് ചികിത്സയിലിരിക്കെ പന്തളം കടയ്ക്കാട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹന്ന ഫാത്തിമ(12) മരിച്ച കഴിഞ്ഞ ദിവസം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലും അടുത്ത കാലത്തായി വളര്‍ത്തുപൂച്ചകളുടെ ആക്രമണം വര്‍ധിച്ചതായാണ് ആസ്പത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം പ്രതിദിനം അഞ്ചോ അതിലധികമോ ആളുകള്‍ പൂച്ചയുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും നിരവധി പേരാണ് വളര്‍ത്തുപൂച്ചയുടെതടക്കമുള്ള അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടി എത്തുന്നത്. ഇന്നലെ മാത്രം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അഞ്ചിലേറെപേരാണ് ഇത്തരത്തില്‍ ചികിത്സ തേടിയെത്തിയത്. മൊഗ്രാല്‍പുത്തൂരിലെ തയ്യല്‍ തൊഴിലാളിക്ക് കാറിനടിയില്‍പ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. മൊഗ്രാല്‍പുത്തൂര്‍ സ്‌കൂള്‍ റോഡില്‍ തയ്യല്‍ കട നടത്തുന്ന സുരേഷ് ചാന്ദിനിക്കാണ് കടിയേറ്റത്. കാറിന്റെ ടയറിനടിയില്‍ കുടുങ്ങി പരിക്കേറ്റ പൂച്ച കടയിലേക്ക് ഓടിക്കയറുകയായിരുന്നു. അതിനിടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൈക്ക് കടിയേറ്റത്. ഉടന്‍ തന്നെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുകയും പിന്നീട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. 4 മണിക്കൂറോളമാണ് ആസ്പത്രിയില്‍ ചിലവഴിച്ചത്. ഏതാനും ദിവസം മുമ്പ് വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ് ഉപ്പളയിലെ രണ്ടര വയസുകാരന്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. മടിയില്‍ വെച്ച് താലോലിക്കുന്നതിനിടെയാണ് പൂച്ച നെറ്റിയില്‍ മാന്തിയത്. പൂച്ചയുടെ നഖംകൊണ്ടാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 11 മണിയോടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തു പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയുണ്ടായി. രാവിലെ വരെ ആസ്പത്രിയില്‍ കഴിയേണ്ടി വന്നു. സ്വകാര്യ ആസ്പത്രിയിലും ഇത്തരത്തില്‍ പലരും ചികിത്സ തേടിയെത്തുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ളവരാണ് വളര്‍ത്ത് മൃഗങ്ങളുടെ കടിയേറ്റ് കൂടുതലും എത്തുന്നതെന്നാണ് വിവരം. വയോധികരും വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നുണ്ട്.
പൂച്ചയുടെ കടി ചെറുതും നിരപദ്രവവുമാണെങ്കിലും അണുബാധയുണ്ടായാല്‍ വിവിധ സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാവും. പൂച്ചകളുടെ വായില്‍ വിവിധ തരം ബാക്ടീരിയകളുള്ളതിനാല്‍ കടിയേല്‍ക്കുകയോ മാന്തലില്‍ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ചികിത്സ തേടണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ചികിത്സിച്ചില്ലെങ്കില്‍ അത് ശാരീരികവും വൈകാരികവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും. രോഗം ബാധിച്ച പൂച്ചയുടെ കടിയേറ്റ മുറിവ് വീര്‍ക്കുകയും ചുവപ്പായി മാറുകയും വേദന അനുഭവപ്പെടുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കാലക്രമേണ വീക്കം കൂടുകയും മുറിവില്‍ നിന്ന് പഴുപ്പ് അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ശ്രവം ശ്രദ്ധയില്‍പെട്ടാല്‍ ഇത് അണുബാധയുടെ ലക്ഷണമാണ്.
പൂച്ചയുടെ കടിയേറ്റ ഭാഗം ഉടന്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും തുടര്‍ന്ന് ചികിത്സ തേടുകയും വേണം. മുറിവ് ആഴമുള്ളതോ അണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതോ ആണെങ്കില്‍ നിര്‍ബന്ധമായും ചികിത്സിക്കണം. രണ്ട് തോളുകളിലും വാക്‌സിന്‍ വെക്കുകയും മുറിവേറ്റ ഭാഗത്ത് മരുന്ന് വെക്കുകയുമാണ് ആദ്യ രീതി. തുടര്‍ന്ന് പേവിഷബാധ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം അരമണിക്കൂറോളം നിരീക്ഷണത്തിന് നിര്‍ത്തും. അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തി ഫുള്‍ ഡോസ് മരുന്ന് നല്‍കും. രണ്ട് കൈകളിലും അലര്‍ജി കണ്ടെത്തിയാല്‍ റാബിസ് ഷീള്‍ഡ് വാക്‌സിന്‍ പുറത്ത് നിന്ന് എത്തിച്ച് നല്‍കും. പ്രായവും തൂക്കവും പരിഗണിച്ചാവും മരുന്ന് നല്‍കുക. പൂച്ചയെ ഓമനിച്ച് വളര്‍ത്തുന്നവരുടെ എണ്ണവും കൂടുതലാണ്. മതിയായ കരുതല്‍ കാണിച്ചാല്‍ കടി തടയാനാവും.