മരണത്തിന് പിന്നാലെ ഓടിത്തളര്‍ന്ന മണിക്കൂറുകള്‍... പാലിയേറ്റീവ് പ്രവര്‍ത്തകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Update: 2025-10-15 09:31 GMT

കാസര്‍കോട്: ഇന്നലെ ഒന്നിന് പിന്നാലെ ഒന്നായി കാസര്‍കോട് നഗരപരിസരങ്ങളില്‍ നടന്നത് നിരവധി മരണങ്ങള്‍. ഇത് സംബന്ധിച്ച് തളങ്കര പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ തളങ്കര ബാങ്കോട്ടെ മമ്മി എന്ന മുഹമ്മദലി എഴുതിയ കുറിപ്പ് ഹൃദയത്തെ തൊടുന്നതും മരണം കൂടെ തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതുമായി.

തളങ്കര പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സിന് വിശ്രമമില്ലാതെ ഓട്ടമായിരുന്നു ഇന്നലെ. രാവിലെ തളങ്കര തൊട്ടിയില്‍ കിടപ്പ് രോഗിയായ ആളെ ആസ്പത്രിയില്‍ എത്തിച്ച് കഴിഞ്ഞപ്പോഴേക്കും മമ്മിയെ തേടി നഗരത്തിലെ ആസ്പത്രിയില്‍ നിന്ന് വിളിയെത്തി. മദ്രസയില്‍ ജോലി ചെയ്യുന്ന മുള്ളേരിയ സ്വദേശിയായ ഒരു മദ്രസാധ്യാപകനെ ഡിസ്ചാര്‍ജ് വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് അയച്ച് സഹായിക്കാമോയെന്ന് ചോദിച്ചാണ് ഇര്‍ഷാദ് ഹുദവി എന്നായാള്‍ വിളിച്ചത്. വരാമെന്നും ബില്ലെല്ലാം കഴിഞ്ഞ് വിളിച്ചോളൂ എന്നും അറിയിച്ചു. 11.30 ഓടെ വീണ്ടും വിളിയെത്തി. ബില്ലെല്ലാം റെഡിയായി കഴിഞ്ഞു, ആംബുലന്‍സ് ഉടന്‍ വന്നോളൂ എന്ന് പറഞ്ഞ്. 12 മണിയാവുമ്പോഴേക്കും ആംബുലന്‍സുമായി മമ്മി എത്തി. ആംബുലന്‍സ് ആസ്പത്രിക്ക് താഴെ നിര്‍ത്തി വിളിച്ചപ്പോള്‍ നിലവിളിയോടെ ഉസ്ദാതിന്റെ മകന്റെ പ്രതികരണം; വാപ്പ മരിച്ചുപോയി!

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴേക്കും അപ്രതീക്ഷിത മരണം. മയ്യത്ത് മുള്ളേരിയ പള്ളംകോട്ടെ വീട്ടിലെത്തിച്ചു.

ഉച്ചകഴിഞ്ഞപ്പോഴേക്കും തളങ്കര കടവത്തെ മുഹമ്മദ് അലി എന്നയാള്‍ വിളിക്കുന്നു. ക്രസന്റ് റോഡിലെ ഒരു സ്ത്രീ തളങ്കരയിലെ ആസ്പത്രിയില്‍ മരണപ്പെട്ടിരിക്കുന്നു, പെട്ടെന്നൊന്ന് വരണം. ആംബുലന്‍സുമായി അവിടെയും ഓടിയെത്തി.

പിന്നീട് തളങ്കര ദീനാര്‍നഗര്‍ സ്വദേശിയുടെ മയ്യത്ത് ഉളിയത്തടുക്ക എസ്.പി നഗര്‍ പള്ളിയില്‍ നിന്നും തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ ഖബറടക്കത്തിനായി എത്തിച്ചു. അല്‍പം കഴിഞ്ഞപ്പോഴേക്കും പുലിക്കുന്നില്‍ നിന്ന് മുന്‍ നഗരസഭാംഗം കമ്പ്യൂട്ടര്‍ മൊയ്തീന്റെ കോള്‍. രാത്രി 9.30ന് ഫസല്‍ ഫൂട്ട്‌വെയര്‍ ഉടമ മാമൂച്ചയുടെ ഭാര്യ ദൈനബിയുടെ മയ്യത്ത് വീട്ടില്‍ നിന്ന് തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ എത്തിക്കണം. തൊട്ടുപിന്നാലെ തളങ്കരയില്‍ മറ്റൊരു മരണം. മാലിക് ദീനാര്‍ ആസ്പത്രിയില്‍ ദീര്‍ഘകാലം സേവനം ചെയ്തിരുന്ന അബ്ദുല്‍ ഖാദര്‍ എന്നയാള്‍ മരണപ്പെട്ടിരിക്കുന്നു.

നേരം പുലര്‍ന്നപ്പോഴേക്കും വീണ്ടും ഫോണ്‍ കോള്‍. നോര്‍ത്ത് ചിത്താരി സ്വദേശിയായ ഒരാളുടെ മയ്യത്ത് ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്നുണ്ട്. മാലിക് ദീനാര്‍ പള്ളിയിലെത്തിക്കും. അവിടെ നിന്ന് മയ്യത്ത് കുളിപ്പിച്ച ശേഷം വീട്ടിലെത്തിക്കണം.

മരണം അരികില്‍ തന്നെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മെ നിരന്തരം ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

Similar News