തെരുവത്ത് കോയാസ് ലൈനിനെ കണ്ണീരിലാഴ്ത്തി അബ്ദുല്‍ റഹ്മാന്റെ ആകസ്മിക മരണം

Update: 2025-07-14 11:00 GMT

അബ്ദുല്‍ റഹ്മാന്‍ അത്തുവിന്റെ മരണം വല്ലാത്തൊരു കടന്നുവരവായി പോയി. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന് നാളെ കാണാമെന്ന് പറഞ്ഞ് പോയ തെരുവത്ത് കോയാസ് ലൈനിലെ അബ്ദുല്‍ റഹ്മാന്റെ മരണം നിനച്ചിരിക്കാത്തതായി. ചെറുപ്പം മുതല്‍ തന്നെ ഫുട്‌ബോളിനെയും ക്രിക്കറ്റിനെയും നെഞ്ചിലേറ്റി നടന്ന അത്തു അവസാനം ഞങ്ങളെയൊക്കെ കണ്ണീരിലാഴ്ത്തിയാണ് ജീവിതത്തില്‍ നിന്ന് കടന്നുപോയത്.

അത്തൂ, വ്യാഴാഴ്ച രാത്രി വരെ കൂട്ടുകാര്‍ക്കൊപ്പം ചട്ടഞ്ചാലിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചും പിന്നീട് ഭക്ഷണം കഴിച്ചും പോയ നിന്റെ ആകസ്മിക മരണത്തില്‍ തെരുവത്ത് അടക്കമുള്ള പ്രദേശങ്ങളിലുള്ളവര്‍ മോചിതരായിട്ടില്ല. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ്, ഫുട്‌ബോള്‍ കളിക്കാന്‍ വലിയ ആവേശമായിരുന്നു. കോയാസ് ലൈനിലെ കുണ്ടുവളപ്പ് ഗ്രൗണ്ടില്‍ പണ്ട് ഫുട്‌ബോളും ക്രിക്കറ്റും നമ്മളൊക്കെ കളിച്ചതും അത് കഴിഞ്ഞ് തമ്മില്‍ തല്ല് കൂടിയതും എത്ര രസകരമായ സംഭവങ്ങളായിരുന്നു. പണ്ട് ക്രിക്കറ്റ് കളികള്‍ റേഡിയോയില്‍ കേള്‍ക്കാന്‍ നിനക്ക് എന്ത് ആവേശമായിരുന്നു. മദ്രസ, സ്‌കൂള്‍ പഠനം കഴിഞ്ഞ് തൊഴില്‍ തേടി പോയപ്പോള്‍ പണ്ടത്തെ കൂട്ടുകെട്ട് ഇടയ്ക്ക് എപ്പോഴോ മുറിഞ്ഞു. എന്നാലും കാണുമ്പോഴെക്കെ പഴയ കഥകള്‍ നീ പറയാറുണ്ടല്ലോ. തെരുവത്ത് സ്‌പോര്‍ട്‌സ് ക്ലബ്ബിലും കളിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കുള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനൊക്കെ ആവേശമായി എത്തുമായിരുന്നു. അത്രയേറേ കളികളെ സ്‌നേഹിച്ച നീ ജീവിതത്തില്‍ നിന്നും വിട പറയുന്നതിന് മുമ്പേ തന്നെ അവസാന മണിക്കൂറിലും ടര്‍ഫിലും എത്തിയത് ഫുട്‌ബോള്‍ കളിയെ നീ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു. കാരുണ്യ മേഖലയില്‍ വലിയ സാന്നിധ്യമായിരുന്ന നീ ഇല്ലാത്തവന് കൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. മദ്രസ-പള്ളി പരിപാലനത്തിന് സഹായിക്കാന്‍ മുന്നിട്ടിറങ്ങി. മറ്റുള്ളവന്റെ ബുദ്ധിമുട്ട് മനസിലാക്കി സഹായിച്ചു. മിക്ക ദിവസങ്ങളിലും നഗരത്തിലെ പള്ളികളില്‍ കാണാറുണ്ടായിരുന്നു. കണ്ണാടിപ്പള്ളിയില്‍ ഒരു ദിവസം ഞാന്‍ എത്തി. മനോഹരമായ ബാങ്ക് വിളിക്കുന്ന കുട്ടി ആരാണെന്ന് ഞാന്‍ തിരഞ്ഞു. നിസ്‌ക്കാരം കഴിഞ്ഞ് ആ കുട്ടിയെ കണ്ടു അടുത്തേക്ക് വിളിച്ചു പേര് ചോദിച്ചു.

സ്ഥലം എവിടെയാണെന്ന് വിശദമായി ചോദിച്ചപ്പോഴാണ് നിന്റെ മകനാണെന്നറിയുന്നത്. വളരെ സന്തോഷം തോന്നിയ നിമിഷം.

ഇങ്ങനെയുള്ള ഒരു മകനെ ലഭിച്ച നീ എത്ര ഭാഗ്യവാന്‍... മകന്‍ ഹാഫിളായി മദീന പള്ളിയിലേക്ക് യാത്ര പോയപ്പോള്‍ ഏറെ സന്തോഷിച്ചു. വലിയ ഭാഗ്യം ചെയ്ത ഉപ്പയാണ് നീ എന്ന് പറഞ്ഞപ്പോഴും സര്‍വ്വനാഥന് നന്ദി പറഞ്ഞു.

മകന്‍ മദീനയിലേക്ക് പോയതും നീ തന്നെയായിരുന്നല്ലോ എന്നോട് പറഞ്ഞത്. അവന്റെ വളര്‍ച്ച കാണാന്‍ നീ ഇല്ലാതെ പോയല്ലോ... നിനക്ക് അവന്റെ പ്രാര്‍ത്ഥന മതി... മഗ്ഫിറത്ത് നല്‍കട്ടെ... ആമീന്‍.

Similar News