കൈത്താങ്ങായി വിദ്യാവാഹിനി; ഉന്നതികളില്‍ നിന്ന് വിദ്യതേടി 3129 കുട്ടികള്‍

By :  Sub Editor
Update: 2025-08-21 10:18 GMT

കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന വിദ്യാവാഹിനി

കാസര്‍കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ആരംഭിച്ച വിദ്യാവാഹിനി പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാവുന്നു. ദേലമ്പാടി പഞ്ചായത്തിന് കീഴില്‍ വരുന്ന ചാമക്കൊച്ചി പ്രദേശത്തെ പട്ടികവര്‍ഗ്ഗ ഉന്നതിയില്‍ നിന്ന് നാല്‍പതോളം കുട്ടികളാണ് നാലര കിലോമീറ്ററുകളോളം താണ്ടി കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക സ്‌കൂളില്‍ എത്തുന്നത്. കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ വിദ്യാവാഹിനി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന ഒരു സ്‌കൂളാണ് ബന്തടുക്ക സ്‌കൂള്‍. മലയോര ഗ്രാമമായ ബന്തടുക്കയിലെ പതിനാറോളം പ്രദേശങ്ങളില്‍ നിന്നായി വിദ്യാവാഹിനിയുടെ ഭാഗമായ 19 വാഹനങ്ങളില്‍ 244 കുട്ടികളാണ് സ്‌കൂളില്‍ എത്തുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ക്ലാസ്സില്‍ വരാനുള്ള മടിയും കുറഞ്ഞതായി ബന്തടുക്ക സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രാഘവ മാസ്റ്റര്‍ പറയുന്നു. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ ദിവസവും വരാറുണ്ടെന്നും വാഹനങ്ങളില്‍ കുട്ടികള്‍ ഒരുമിച്ച് വരുന്നത് കൊണ്ട് അവരുടെ മാനസിക ഉല്ലാസവും സ്‌കൂളില്‍ വരാനുള്ള താല്‍പര്യം വര്‍ധിച്ചിട്ടുണ്ടെന്നും രാഘവ പറയുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി നല്ല സഹകരണമാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ഡ്രൈവര്‍ ചെനിയ നായ്ക്ക് പറയുന്നു. 2013 -14 വര്‍ഷത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഗോത്ര സാരഥി എന്ന പേരില്‍ ആരംഭിച്ച പദ്ധതിയാണ് പിന്നീട് വിദ്യാവാഹിനി എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടത്. ഒരേസമയം ഒന്നില്‍കൂടുതല്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണ ഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ. പൊതു ഗതാഗത സംവിധാനം ഇല്ലാത്ത ദുര്‍ഘടമായ, വനപ്രദേശങ്ങളില്‍ നിന്നും വരുന്ന ഒന്നു മുതല്‍ 10 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കാണ് വിദ്യാവഹിനിയുടെ പ്രയോജനം ലഭിക്കുക. എല്‍.പി, യു.പി ക്ലാസ്സുകളില്‍ ഒരു കിലോമീറ്ററിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ട് കിലോമീറ്റര്‍ കുറയാത്ത ദൂരവുമുള്ള ഏറ്റവും അടുത്ത പൊതുവിദ്യാലയത്തിലേക്കാണ് വിദ്യാവാഹിനിയുടെ സേവനം ലഭിക്കുക. ബന്തടുക്ക സ്‌കൂളില്‍ മാത്രം ഒരു മാസം മൂന്ന് ലക്ഷം രൂപയ്ക്കടുത്ത് വണ്ടികളുടെ വാടകയിനത്തില്‍ വകുപ്പിന് ചെലവ് വരുന്നതായി കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീരേന്ദ്രകുമാര്‍ പറയുന്നു.


Similar News