മലയാളം-കന്നഡ വിവര്‍ത്തന ശില്‍പശാല കവി രാധാകൃഷ്ണ കെ. ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡ ഭാഷാ ട്രാന്‍സ്‌ലേറ്റേര്‍സ് അസോസിയേഷന്‍, കാസര്‍കോട് നുള്ളിപ്പാടി സീതമ്മ-പുരുഷ നായക കന്നഡ ഭവന്‍ ഗ്രന്ഥാലയവുമായി സഹകരിച്ച് ബഹുഭാഷാ സംഗമ ഭൂമിയായ കാസര്‍കോട്ട് നടത്തിയ മലയാളം-കന്നഡ വിവര്‍ത്തന ശില്‍പശാല പുതിയ അനുഭവമായി.
അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.എസ്.സുഷമാശങ്കര്‍ അധ്യക്ഷത വഹിച്ചു. കന്നഡ കവി രാധാകൃഷ്ണ കെ. ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്തു. ഓരോ ഭാഷ പഠിക്കുമ്പോഴും നാം പുതിയൊരു ലോകം കൂടി പഠിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകനും എഴുത്തുകാരനുമായ ഡോ. രത്‌നാകര മല്ലമൂല മുഖ്യാതിഥിയായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ പ്രശസ്ത വിവര്‍ത്തകന്‍ കെ.വി. കുമാരന്‍ മാസ്റ്റര്‍, കുപ്പം യൂണിവേഴ്‌സിറ്റിയിലെ കന്നഡ പ്രൊഫ. ഡോ. ബി.എസ്. ശിവകുമാര്‍, പ്രൊഫ. വി.എസ്. രാകേഷ് ക്ലാസെടുത്തു. കന്നഡ ഭവന്‍ ഗ്രന്ഥാലയം സ്ഥാപക അധ്യക്ഷന്‍ ഡോ. വാമന്‍ റാവു ബേക്കല്‍ സ്വാഗതവും അസോസിയേഷന്‍ മലയാള വിഭാഗം കോര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ പാടി നന്ദിയും പറഞ്ഞു.
ബി.ടി. ജയറാം, സുഭദ്ര രാജേഷ്, രാജന്‍ മുനിയൂര്‍, ദിനേശ് ബല്ലാള്‍, റബിന്‍ രവീന്ദ്രന്‍, സന്ധ്യാ റാണി ടീച്ചര്‍, എം.പി. ജില്‍ ജില്‍, പ്രദീപ് ബേക്കല്‍, പുരുഷോത്തമ പെര്‍ള, കെ.വി. രമേഷ്, എം. ശാരദ മൊളെയാര്‍, പി.ജി. ജോസഫ്, വസന്ത കെരെമനെ, സുന്ദറ ബാറഡുക്ക, നാരായണന്‍ കരിച്ചേരി, കാര്‍ത്തിക് പഡ്‌റെ, വനജാക്ഷി ചെമ്പ്രക്കാന, രേഖ റോഷന്‍, സൗമ്യ തുടങ്ങിയവര്‍ ശില്‍പശാല വിലയിരുത്തി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.വി. കുമാരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. സമാപന സമ്മേളനം കന്നഡ പത്രപ്രവര്‍ത്തകന്‍ രവി നായ്ക്കാപ്പ് ഉദ്ഘാടനം ചെയ്തു.