നെല്ലിക്കുന്ന് ലജ്‌നത്തുല്‍ ഇഫ്താറിന്റെ നോമ്പ് തുറ പതിനേഴിന്റെ നിറവില്‍

By :  News Desk
Update: 2025-03-12 10:10 GMT

നെല്ലിക്കുന്ന്: 2008ല്‍ ഏതാനും ചെറുപ്പക്കാരുടെ മനസില്‍ ഉടലെടുത്ത ആഗ്രഹത്തില്‍ ആരംഭിച്ച സമൂഹ നോമ്പുതുറ നെല്ലിക്കുന്നില്‍ ഇപ്പോഴും തുടരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചിരുത്തി ഇഫ്താര്‍ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രതിവര്‍ഷം കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് പോകുന്നത്. ഈ കൂട്ടായ്മയുടെ വിജയം ഇന്ന് പതിനേഴിന്റെ നിറവില്‍ എത്തിയിരിക്കുകയാണ്. ദിവസവും 300ലധികം പേര്‍ക്കാണ് ഏതാനും ചെറുപ്പക്കാര്‍ നേതൃത്വം നല്‍കുന്ന നെല്ലിക്കുന്ന് ലജ്‌നത്തുല്‍ ഇഫ്ത്താര്‍ കൂട്ടായ്മ നോമ്പ് തുറപ്പിക്കുന്നത്. കാരക്കയും സര്‍ബത്തും സമൂസയും കഞ്ഞിയും ബിര്‍ണിയും എല്ലാം കൂടിയുള്ള വിപുലമായ നോമ്പുതുറയാണ് ഈ കൂട്ടായ്മയ്ക്ക് കീഴില്‍ നടക്കുന്നത്. മഗ്‌രിബ് ബാങ്ക് വിളിക്ക് മുന്നോടിയായി തന്നെ നിരവധി പേരാണ് ഇവിടെയെത്തുന്നത്. തങ്ങള്‍ ഉപ്പാപ്പ മഖാം സിയാറത്തിന് ദൂരദിക്കുകളില്‍ നിന്ന് എത്തുന്ന നോമ്പുകാര്‍ക്കും ലജ്‌നത്തുല്‍ ഇഫ്ത്താര്‍ അനുഗ്രഹമാവുകയാണ്. നോമ്പ് തുറ വിഭവങ്ങള്‍ തയ്യാറാക്കാന്‍ വൈകിട്ട് 5 മണിക്ക് തന്നെ സംഘാടകരായ ചെറുപ്പക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. ഇവരുടെ ഈ പ്രവര്‍ത്തനത്തിന് നെല്ലിക്കുന്ന് പ്രദേശത്തുകാരുടെയും പ്രവാസികളുടെയും സഹായം നീളുന്നു. തുടക്കത്തില്‍ വിരലിലെണ്ണാവുന്ന ചെറുപ്പക്കാരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഇവരുടെ പ്രവര്‍ത്തനം കണ്ടതോടെ കൂടുതല്‍ യുവാക്കള്‍ ഇവരെ സഹായത്തിനെത്തുകയായിരുന്നു. പതിനേഴ് വര്‍ഷത്തെ ജൈത്രയാത്രയുടെ സന്തോഷത്തിലാണ് സംഘാടകര്‍.


Similar News