ഇന്നും മുഹമ്മദ് റഫി സംഗീതലോകത്തെ സമ്രാട്ട് -തളങ്കര റഫി മഹല്‍

By :  Sub Editor
Update: 2025-08-01 11:01 GMT

മുഹമ്മദ് റഫിയുടെ 45-ാം ചരമ വാര്‍ഷികത്തില്‍ തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു.കെ. അജ്മലിന്റെ 'ഗൂര്‍ഖകളുടെ നാട്ടില്‍' എന്ന പുസ്തകം എ.എസ്. മുഹമ്മദ്കുഞ്ഞി പി.എസ്. ഹമീദിന് കൈമാറുന്നു

തളങ്കര: ഓരോ പുലരിയും ഇന്നും സംഗീതാസ്വാദകരുടെ മനസ്സിലേക്ക് കടന്ന് വരുന്നത് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ നഷ്ട സ്മൃതിയുമായാണെന്നും ജൂലൈ അവസാനിക്കാറാകുമ്പോഴേക്കും സംഗീതത്തെ സ്‌നേഹിക്കുന്ന സര്‍വ്വ മനസ്സുകളിലും മുഹമ്മദ് റഫിയുടെ ഓര്‍മ്മകള്‍ ദീപ്തമാകുമെന്നും സംഗീതത്തോടൊപ്പം മുഹമ്മദ് റഫി ശുദ്ധമായ മനസ്സ് സൂക്ഷിച്ചത് കൊണ്ടാണ് അതെന്നും തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായപ്പെട്ടു. റഫിയുടെ 45-ാം ചരമ വാര്‍ഷികത്തില്‍ നടന്ന അനുസ്മരണത്തില്‍ പ്രസിഡണ്ട് പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് റഫിയെയും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അനുസ്മരിച്ചു.

പത്രപ്രവര്‍ത്തകനായിരുന്ന കെ.എസ്. ഗോപാലകൃഷ്ണനെ കാസര്‍കോട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫിയും ഡോ. ബി.എസ്. റാവുവിനെ സാഹിത്യവേദി ട്രഷറര്‍ എരിയാല്‍ ഷരീഫും പൂരണം മുഹമ്മദ് അലിയെ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്തും അത്തു എന്ന അബ്ദുല്‍ റഹിമാനെ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ റെയ്ഞ്ച് ജന. സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബാങ്കോടും ജമാല്‍ നുസ്രത്ത് നഗറിനെ മാലിക് ദീനാര്‍ പള്ളിക്കമ്മിറ്റി അംഗം ടി.എസ്. ബഷീറും അനുസ്മരിച്ചു. കാസര്‍കോട് സാഹിത്യവേദി ട്രഷററായി നോമിനേറ്റ് ചെയ്യപ്പെട്ട എരിയാല്‍ ഷരീഫിനെ പി.എസ്. ഹമീദ് ഷാള്‍ അണിയിച്ച് അനുമോദിച്ചു. സി.പി മാഹിന്‍, ഉസ്മാന്‍ കടവത്ത്, ടി.എം.എ. റഹ്മാന്‍ പ്രസംഗിച്ചു. സാഹിബ് ഷരീഫ് നന്ദി പറഞ്ഞു. അംഗം ഉസ്മാന്‍ കടവത്തിന്റെ മകന്‍ യു.കെ അജ്മല്‍ രചിച്ച 'ഗൂര്‍ഖകളുടെ നാട്ടില്‍' എന്ന യാത്ര വിവരണ പുസ്തകം എ.എസ്. മുഹമ്മദ്കുഞ്ഞി പി.എസ്. ഹമീദിന് കൈമാറി.


Similar News