മഴക്കെടുതി; നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കണം -എ.കെ.എം. അഷ്‌റഫ്

By :  Sub Editor
Update: 2025-06-02 10:32 GMT

മഞ്ചേശ്വരത്ത് മഴക്കെടുതി മൂലം ദുരിതങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. സന്ദര്‍ശിക്കുന്നു

ഉപ്പള: മഞ്ചേശ്വരം താലൂക്കില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. മുഖ്യന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് നിരവധി വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടൗണുകളില്‍ ഉള്‍പ്പെടെ കടകളിലെ പുതിയ മൊബൈല്‍ ഫോണുകള്‍, ഫാന്‍സി, തുണിത്തരങ്ങള്‍, ഫൂട്ട്‌വെയര്‍, മെഡിക്കല്‍ കടകള്‍, അനാദി കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി സാധന സാമഗ്രികള്‍ നശിക്കുകയും മൊബൈല്‍ ഷോപ്പുകളിലെ ഫോണുകള്‍ ഉള്‍പ്പെടെയുളള വിലവിടിപ്പുള്ള വസ്തുക്കള്‍ ഒലിച്ച് പോവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം കണക്കാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോരത്തും തീരദേശത്തും വ്യാപക നാശനാഷ്ടങ്ങളാണ് ഉണ്ടായത്. ഉപജീവനമാര്‍ഗമായ കടകളിലുണ്ടായ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭ്യമാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. വീടുകളും കടകളും വെള്ളക്കെട്ടുണ്ടായ വിവിധ പ്രദേശങ്ങളും എം.എല്‍.എ സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പ ശേഖര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, തഹസില്‍ദാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി.


Similar News