അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി നാളെ മുതല്‍

പങ്കെടുക്കുന്നത് നാലായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍;

Update: 2026-01-05 10:16 GMT

അഗ്നിവീര്‍ ജവാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റിന് മുന്നോടിയായി വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കാസര്‍കോട്: പുതിയ ബാച്ച് അഗ്‌നിവീര്‍ ജവാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലി നാളെ മുതല്‍ അഞ്ച് ദിവസങ്ങളിലായി വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്മെന്റ് റാലി. ഓണ്‍ലൈന്‍ പരീക്ഷ വിജയിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും നാലായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കും. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്. ദിവസവും 800 ഓളം പേര്‍ക്കുള്ള കായികക്ഷമതാപരീക്ഷ നടക്കുമെന്നാണ്അറിയുന്നത്. നാളെ രാവിലെ എ.ഡി.എം പി. അഖില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 1600 മീറ്റര്‍ ഓട്ടം, പുള്‍അപ്, സിഗ് സാഗ് ബാലന്‍സ്, ജമ്പിങ് എന്നിവയില്‍ വിജയിക്കുന്നവരുടെ നേത്ര-ശാരീരിക അളവ്-സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ഇവര്‍ക്കായി പിറ്റേദിവസം വൈദ്യപരിശോധനയുണ്ടാകും. സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള സണ്‍റൈസ് പാര്‍ക്കിലാണ് വൈദ്യപരിശോധനക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളുള്‍പ്പെടെ സ്റ്റേഡിയം പരിസരത്ത് ഒരുക്കിയിട്ടുണ്ട്. റാലി നടത്താനായി കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് ജീവനക്കാരും കണ്ണൂര്‍ ഡി.എസ്.സിയിലെ 100 ഓളം പട്ടാളക്കാരും കാസര്‍കോട്ട് ക്യാമ്പ് ചെയ്യുന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളിലടക്കമാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.


Similar News