കാസര്‍കോട്: പ്രമുഖ കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയന്‍ നേതാവും ഉദുമ മുന്‍ എം.എല്‍.എയും സഹകാരിയുമായിരുന്ന പി. രാഘവന്റെ സ്മരണയ്ക്ക് പി. രാഘവന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരത്തിന് കെ.എന്‍ രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. ട്രേഡ് യൂണിയന്‍ രംഗത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌ക്കാരം. 50,000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌ക്കാരം 14ന് 3 മണിക്ക് എറണാകുളത്തെ രവീന്ദ്രനാഥിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി സമ്മാനിക്കുമെന്ന് പി. രാഘവന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എ. മാധവന്‍, സെക്രട്ടറി അഡ്വ. പി. രാഘവന്‍, ട്രസ്റ്റിമാരായ അഡ്വ. എ. ഗോപാലന്‍ നായര്‍, ഡോ. സി. ബാലന്‍, ടി.കെ. രാജന്‍, സണ്ണി ജോസഫ്, കെ.ആര്‍ അജിത്ത് കുമാര്‍, കെ. രവീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.