കാല്‍പ്പന്തുകളി ആവേശം തീര്‍ക്കാന്‍ കാസര്‍കോട് സൂപ്പര്‍ ലീഗ്; കെ.എസ്.എല്‍ ഈ വര്‍ഷം അവസാനത്തോടെ

By :  Sub Editor
Update: 2025-02-21 10:19 GMT

കാസര്‍കോട്: കേരള സൂപ്പര്‍ ലീഗിനെ മാതൃകയാക്കി കാസര്‍കോടും സെവന്‍സ് മാതൃകയില്‍ ഫ്രാഞ്ചൈസി സൂപ്പര്‍ ലീഗ് വരുന്നു. റിയല്‍ ഇന്ത്യാവിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് സൂപ്പര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന കെ.എസ്.എല്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജില്ലയില്‍ നിന്നും എട്ട് ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കുകയും ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കാന്‍ കഴിയുന്നതുമായ രീതിയിലാണ് സൂപ്പര്‍ ലീഗിന്റെ നടത്തിപ്പ് ക്രമീകരിക്കുന്നത്. ഒരു ടീമിന് 14 അംഗ സ്‌ക്വാഡിനെ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ 3 വിദേശതാരങ്ങളും 3 താരങ്ങള്‍ കാസര്‍കോട് ജില്ല ഒഴികെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരോ കേരളത്തിന് പുറത്തുള്ളതോ ആയിരിക്കണം. ബാക്കി 8 താരങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള താരങ്ങളായിരിക്കണം. ഇതില്‍ ഒരാള്‍ 20 വയസിന് താഴെയുള്ള താരമായിരിക്കണം എന്നതും സൂപ്പര്‍ ലീഗിന്റെ നിയമത്തില്‍പെടുന്നു. ജില്ലയിലെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് ഈ നിയമം പിന്തുടരുന്നത്. കാസര്‍കോടില്‍ നിന്നുള്ള താരങ്ങള്‍ക്ക് മാത്രമായിരിക്കും ലേലം നടക്കുക. ബാക്കിയുള്ള താരങ്ങളെ ടീമുകള്‍ക്ക് ഓപ്പണ്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കാനാവും.

4 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 12 മത്സരങ്ങളാണ് പദ്ധതിയിടുന്നത്. ഗ്രൂപ്പിലെ മികച്ച രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. ശേഷം ഫൈനല്‍ പോരാട്ടവും നടക്കും.ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും സംഘാടകര്‍ അറിയിച്ചു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, റിയല്‍ ഇന്ത്യാവിഷന്‍ മാനേജിംഗ് ഡയറക്ടറും കെ.എസ്.എല്‍ ചെയര്‍മാന്‍ കൂടിയായ ജലീല്‍ കോയ, റിയല്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ ഷരീഫ് സലാല, റിയല്‍ ഇന്ത്യ വിഷന്‍ സി.ഇ.ഒ ബി.കെ മുഹമ്മദ് ഷാ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ സംസാരിച്ചു.




Similar News