തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജന പട്ടിക; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

By :  Sub Editor
Update: 2024-12-04 09:35 GMT

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന പ്രക്രിയയില്‍ ജില്ലയില്‍ വ്യാപകമായി ജനാധിപത്യ കശാപ്പാണ് നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. കുറ്റമറ്റതായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തി നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പിന് കളമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ വ്യാപകമായ ക്രമക്കേടുകളാണുള്ളത്. വാര്‍ഡ് പുനര്‍നിര്‍ണയുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗരേഖ ഡിലിമിറ്റേഷന്‍ കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോര്‍ട്ടാണ് മിക്കയിടത്തും തയ്യാറാക്കിയിട്ടുള്ളത്. സി.പി.എം പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അതിനാല്‍ കരട് വിജ്ഞാന പ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. രാഷ്ട്രീയ താല്‍പര്യത്തോടെ അതിരുകള്‍ വിചിത്രമായ രീതിയില്‍ വളച്ചൊടിച്ചും അതിര്‍ത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേര്‍ത്തും രണ്ടായി കിടക്കുന്ന ദേശീയപാതയുടെ ഇരുവശങ്ങളുമുള്ള വീടുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ വാര്‍ഡാക്കിയും ജനങ്ങള്‍ക്ക് ഒരുമിച്ചു കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ദൈര്‍ഘ്യമേറിയ നിലയിലുമാണ് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടത്തിയത്. പുത്തിഗെ, വോര്‍ക്കാടി, പടന്ന, ഉദുമ, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, അജാനൂര്‍, ദേലമ്പാടി, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍ വന്‍ അട്ടിമറിയാണ് നടത്തിയിരിക്കുന്നത്. ഡിജിറ്റല്‍ മാപ്പില്‍ പോലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്. അനുബന്ധം രണ്ടില്‍ പറയുന്ന അതിരുകള്‍ അല്ല മാപ്പില്‍ കാണുന്നത്. പല സ്ഥലത്തും തദ്ദേശസ്ഥാപനത്തിലെ ആകെ വീടുകളുടെ എണ്ണ ത്തിനും വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. കരടുവിജ്ഞാപനത്തിനെതിരെ പരാതി നല്‍കുന്നതിന് ഡിസംബര്‍ നാല് വരെ അവസരം ഉണ്ടായിരുന്നുവെങ്കിലും ഈ നടപടിയും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുന്ന സ്ഥിതിയായിരുന്നുവെന്നും യു.ഡി.എഫ് ആരോപിച്ചു. പരാതികള്‍ അന്വേഷിക്കാനായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ അറിയപ്പെടുന്ന ആളുകളും എന്‍.ജി.ഒ യൂണിയന്‍ നേതാക്കളുമാണ്. അതുകൊണ്ട് ആ ലിസ്റ്റ് പൂര്‍ണമായും റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഡിലിമിറ്റേഷന്‍ പ്രക്രിയയുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതികളില്‍ കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിനു തന്നെ തിരാകളങ്കം ഉണ്ടാക്കുന്ന നടപടിയായി ഇതു മാറും. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും കുറ്റമറ്റതായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തി നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പിന് കളമൊരുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News