സൗദിയില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര്‍ മരിച്ചു

മരിച്ചവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം;

Update: 2025-11-17 05:54 GMT

റിയാദ്: സൗദി അറേബ്യയില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 40 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൗദി സമയം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാന സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാരാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയില്‍ ആയതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം.

ബസ് അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഞെട്ടല്‍ പ്രകടിപ്പിച്ചതായും ഉടന്‍ തന്നെ സുരക്ഷാ സേനയോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപകട സമയത്ത് 42 ഹജ്ജ് തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. റിയാദിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഒവൈസിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യചികിത്സ നല്‍കണമെന്ന് സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനോടും അഭ്യര്‍ത്ഥിച്ചതായും മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.

'സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെട്ട ദാരുണമായ ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്,' എന്ന് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Similar News