ജമൈക്കന്‍ സയാമീസ് ഇരട്ടകളായ അസാരിയയേയും അസുരയേയും ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തി

കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ 20 മാസം പ്രായമുള്ള ഇരുവരുടേയും ശസ്ത്രക്രിയ നടന്നത്;

Update: 2025-11-15 10:59 GMT

റിയാദ്: ജമൈക്കന്‍ സയാമീസ് ഇരട്ടകളായ അസാരിയയേയും അസുരയേയും ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തി. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശ പ്രകാരം വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ 20 മാസം പ്രായമുള്ള ഇരുവരുടേയും ശസ്ത്രക്രിയ നടന്നത്. അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ 25 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിങ്, സാങ്കേതിക ജീവനക്കാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശസ്ത്രക്രിയ നടന്നത്.

സ്വതന്ത്രമായി ജീവിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ജൂലൈ 28 നാണ് അസാരിയയും അസുര എല്‍സണും ശസ്ത്രക്രിയ നടത്താന്‍ റിയാദില്‍ എത്തിയത്. 16 മണിക്കൂറിലധികം നീണ്ടുനിന്ന വിമാന യാത്രയിലൂടെയാണ് കുട്ടികളെ സൗദിയില്‍ എത്തിച്ചത്. അസുര എന്ന കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ശസ്ത്രക്രിയ വേഗത്തിലാക്കുകയായിരുന്നു. സയാമീസ് ഇരട്ടകളെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ സംഘം സമഗ്രവും ഒന്നിലധികം പരിശോധനകളും നടത്തിയിരുന്നു. നിരവധി യോഗങ്ങള്‍ നടത്തി പരിശോധന ഫലങ്ങള്‍ വിലയിരുത്തി. പരിശോധനയില്‍ ഇരട്ടകളുടെ നെഞ്ചിന്റെ താഴത്തെ ഭാഗം, വയറിന്റെ ഭാഗം, കരള്‍ ഭാഗം എന്നിവ പങ്കിടുന്നുണ്ടെന്ന് കണ്ടെത്തി.

ഇരട്ടകളില്‍ ഒരാള്‍ക്ക് ജന്മനാ ഉള്ള വലിയ വൈകല്യങ്ങളും ഹൃദയപേശികളുടെ പമ്പിങ്ങിലെ ബലഹീനതയും ഉണ്ടെന്നും കണ്ടെത്തി. ഇത് ശസ്ത്രക്രിയയിലെ അപകടസാധ്യത 40 ശതമാനമായി ഉയര്‍ത്തുന്നുവെന്നും സംഘം വിലയിരുത്തി. തുടര്‍ന്നാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലേക്ക് നീങ്ങിയത്. സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയക്കായുള്ള സൗദി പദ്ധതി പ്രകാരം 67-ാമത്തെ ശസ്ത്രക്രിയയാണിതെന്ന് ഡോ. അല്‍റബീഅ പറഞ്ഞു. ലോകമെമ്പാടുമുള്ള 28 രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 35 വര്‍ഷത്തിലേറെയായി ഈ പരിപാടിയില്‍ 152 സയാമീസ് ഇരട്ടകളെ പരിചരിച്ചതായും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മാതാവ് സൗദിയുടെ ഇടപെടലില്‍ പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു. കുട്ടികളെ വേര്‍തിരിച്ച് ഓരോരുത്തര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ കഴിയണമെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയില്‍ ജീവിതത്തെ മാറ്റിമറിച്ച ശസ്ത്രക്രിയയ്ക്ക് വിധേയരായ സയാമീസ് ഇരട്ടകളായ അസാരിയയുടെയും അസോറ എല്‍സണിന്റെയും വിജയകരമായ വേര്‍പിരിയലിനെത്തുടര്‍ന്ന് ജമൈക്ക പ്രതീക്ഷയുടെയും നന്ദിയുടെയും നിമിഷം ആഘോഷിക്കുന്നു.

വിദേശകാര്യ, വിദേശ വ്യാപാര മന്ത്രി സെനറ്റര്‍ കാമിന ജോണ്‍സണ്‍ സ്മിത്ത് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഇരട്ടകളെ വേര്‍പെടുത്തിയ വാര്‍ത്ത ജമൈക്കയിലെ ജനങ്ങളെ അറിയിച്ചു.

പ്രിയപ്പെട്ട ജമൈക്ക, 'നമ്മുടെ സംയോജിത ഇരട്ടകളായ അസോറയ്ക്കും അസാരിയയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി, ഇന്ന് രാവിലെ സൗദി അറേബ്യയിലെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ മിഷന്റെ വൈദഗ്ധ്യമുള്ള ശസ്ത്രക്രിയാ സംഘം അവരെ വേര്‍പെടുത്തി.'

ഇരട്ടകളില്‍ ഒരാള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വരുമെങ്കിലും, ഇരുവരും നിലവില്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.

സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കായി 2025 ജൂലൈയില്‍ ജമൈക്കയില്‍ നിന്ന് പോയ ഇരട്ടകള്‍ക്ക് ജമൈക്ക സര്‍ക്കാരും അന്താരാഷ്ട്ര പങ്കാളികളും മെഡിക്കല്‍ ഇടപെടലിന് നേതൃത്വം നല്‍കിയ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (@KSRelief_EN) വഴി പിന്തുണ നല്‍കി.

Similar News