ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് -25 ഒക്‌ടോബര്‍ 26ന് ദുബായില്‍

By :  Sub Editor
Update: 2025-06-20 10:34 GMT

ദുബായ്: കാസര്‍കോട് ജില്ലക്ക് പുറത്ത് കാസര്‍കോട് ജില്ലക്കാരുടെ ഏറ്റവും വലിയ സംഗമം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 2025 ഒക്‌ടോബര്‍ 26ന് ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടക്കും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് സംഗമത്തിന് ആതിഥ്യമരുളുന്നത്. ആദ്യമായിട്ടാണ് ഇത്രയും വലിയ രീതിയില്‍ ഒരു പ്രാദേശിക സംഗമം പ്രവാസ ഭൂമികയില്‍ നടക്കുന്നതെന്ന പ്രത്യേകതയുമായിട്ടാണ് ഹല കാസ്രോഡ് ഗ്രാന്റ് സംഗമം ഒരുങ്ങുന്നത്. ആറുമാസത്തോളം നീണ്ട് നില്‍ക്കുന്ന രീതിയില്‍ വിവിധങ്ങളായ പരിപാടികളുള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലക്കകത്തും ഗള്‍ഫിലുമുള്ള വ്യവസായ രംഗത്തുള്ളവര്‍ക്കായി ബിസിനസ് കോണ്‍ക്ലേവ്, വിവിധ കലാ-കായിക മത്സരങ്ങള്‍, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള ഇശല്‍ വിരുന്ന്, പ്രമുഖ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, വനിതാ സമ്മേളനം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഹല കാസോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര പ്രവാസ ലോകത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. സാമൂഹിക സാംസ്‌കാരിക കലാ രാഷ്ട്രീയ മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍, ജനപ്രധിനിധികള്‍, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍, മുന്‍കാല പ്രവാസികള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിള്‍ അധിവസിക്കുന്ന കാസര്‍കോട് ജില്ലക്കരായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെസ്റ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പും അസോസിയേറ്റ് സ്‌പോണ്‍സറായി വെല്‍ഫിറ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണലും സപ്പോര്‍ട്ടിംഗ് സ്‌പോണ്‍സറായി വിന്‍ടച്ച് മള്‍ട്ടി സ്പെഷല്‍ ഹോസ്പിറ്റലുമായി ധാരണയായി. സ്വാഗത സംഗം ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയില്‍ സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരീം കോളിയാട്, വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ യഹ്‌യ തളങ്കര, വിന്‍ടച്ച് മള്‍ട്ടി സ്പെഷല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ലത്തീഫ് ഉപ്പളയും സംബന്ധിച്ചു.

Similar News