ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പുതിയ പാസ്പോര്‍ട്ട് ഫോട്ടോ നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍
മിക്ക അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടിവരും;
ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പുതിയ പാസ്പോര്‍ട്ട് ഫോട്ടോ നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നടപ്പാക്കുമെന്ന് എമിറേറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പുതിയ പാസ്പോര്‍ട്ടിനോ പുതുക്കലിനോ അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഈ ഫോട്ടോ നിയമങ്ങള്‍ പാലിക്കേണ്ടതാണെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതനുസരിച്ച് മിക്ക അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടിവരും.
പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കായി ICAO (ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) അനുസരിച്ചുള്ള ഫോട്ടോഗ്രാഫുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മിഷന്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള യാത്രാ രേഖകള്‍ക്കായി ബയോമെട്രിക്, ഐഡന്റിറ്റി ബെഞ്ച് മാര്‍ക്കുകള്‍ നിശ്ചയിക്കുന്ന ആഗോള വ്യോമയാന സ്ഥാപനമാണ് ICAO.
പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ ICAO മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫോട്ടോകളുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ് വിങ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ഈ പുതിയ നിയമം ഉടന്‍ പ്രഖ്യാപിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ പുതിയ പാസ്പോര്‍ട്ട് ഫോട്ടോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
1. 630*810 പിക്സല്‍ വലുപ്പമുള്ള കളര്‍ ഫോട്ടോ.
2.വെള്ള പശ്ചാത്തലം നിര്‍ബന്ധം.
3.തലയും തോളും വ്യക്തമായി കാണണം, മുഖം ഫ്രെയിമിന്റെ 80-85% ഭാഗം ഉള്‍ക്കൊള്ളണം.
4.മുഖം മുഴുവനായും നേരെ നോക്കി, കണ്ണുകള്‍ തുറന്നിരിക്കണം, ഭാവങ്ങള്‍ സ്വാഭാവികമായിരിക്കണം.
5.മുടി കണ്ണുകള്‍ മറയ്ക്കാന്‍ പാടില്ല. വായ അടച്ചിരിക്കണം.
6.മുഖത്ത് നിഴലുകളോ, ചുവപ്പ് നിറത്തിലുള്ള കണ്ണുകളോ, ഫ് ളാഷിന്റെ പ്രതിഫലനങ്ങളോ ഉണ്ടാകരുത്.
7.ശരീരത്തിലെ തൊലിയുടെ നിറം സ്വാഭാവികമായി തോന്നണം.
8.തല ഫ്രെയിമിന്റെ മധ്യഭാഗത്ത് തലമുടിയുടെ മുകള്‍ഭാഗം മുതല്‍ താടി വരെ ഉള്‍ക്കൊള്ളണം.
9.ഏകദേശം 1.5 മീറ്റര്‍ അകലെ നിന്ന് ഫോട്ടോ എടുക്കണം. അവ്യക്തമായതോ ഡിജിറ്റലായി മാറ്റങ്ങള്‍ വരുത്തിയതോ ആയ ഫോട്ടോകള്‍ സ്വീകാര്യമല്ല.
10.കണ്ണട ഒഴിവാക്കണം.
11. മതപരമായ കാരണങ്ങളാല്‍ തല മറയ്ക്കുന്ന വസ്ത്രങ്ങള്‍ അനുവദനീയമാണ്, എന്നാല്‍ മുഖം മുഴുവനായി കാണണം.
12.നവജാത ശിശുക്കളുടെ ഫോട്ടോ പുറത്ത് നിന്നെടുക്കണം
മാറ്റങ്ങള്‍
പുതിയ നിയമത്തെക്കുറിച്ച് കോണ്‍സുലേറ്റിന്റെ വെബ് സൈറ്റിലും അവരുടെ ഔട്ട് സോഴ്സ്ഡ് പാസ്‌പോര്‍ട്ട് സേവനദാതാക്കളായ ബി.എല്‍.എസ്. ഇന്റര്‍നാഷണലിനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ ബി.എല്‍.എസ്. വെബ്സൈറ്റില്‍ പഴയ മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി.എല്‍.എസ്. കേന്ദ്രങ്ങളില്‍ 30 ദിര്‍ഹം അധികമായി നല്‍കിയാല്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍, നവജാത ശിശുക്കളുടെ ഫോട്ടോ എടുക്കാന്‍ ഇവിടെ സൗകര്യമില്ലാത്തതിനാല്‍, കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന രക്ഷിതാക്കള്‍ പുറത്തുള്ള സ്റ്റുഡിയോകളില്‍ നിന്ന് ഫോട്ടോ എടുക്കേണ്ടിവരും. സ്റ്റുഡിയോകളില്‍ ഏകദേശം 15 ദിര്‍ഹം മുതല്‍ 25 ദിര്‍ഹം വരെയാണ് ഫോട്ടോ എടുക്കാന്‍ വേണ്ടി വരുന്നത്.