ഭക്ഷണ പാക്കറ്റുകള്‍ക്ക് ഗ്രേഡ് ഇല്ലേ ? എങ്കില്‍ വിപണിക്ക് പുറത്ത്

പൊണ്ണത്തടിയും അമിത ഭാരവും കുറക്കാന്‍ ന്യൂട്ട്രി മാര്‍ക്ക് ഗ്രേഡിംഗുമായി അബുദാബി ഭരണകൂടം

Update: 2024-11-27 06:57 GMT

അബുദാബിയിലെ കടകളില്‍ വിറ്റഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ പോഷകാഹാര ഗ്രേഡിംഗ് നിര്‍ബന്ധമാക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണകള്‍, പാനീയങ്ങള്‍, ബേക്ക് ചെയ്തവ , കുട്ടികള്‍ക്കുള്ള ഭക്ഷണങ്ങള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുക. ഭക്ഷണത്തിന്റെ പോഷക മൂല്യം അനുസരിച്ച് ഇംഗ്ലീഷ് അക്ഷരമാല എ മുതല്‍ ഇ വരെ ഗ്രേഡ് നല്‍കും. ഉയര്‍ന്ന പോഷക മൂല്യമുള്ളവയ്ക്ക് അക്ഷരം എയും ഏറ്റവും കുറഞ്ഞ പോഷണ മൂല്യമുള്ളവയ്ക്ക് ഇ യും നല്‍കും.

ഗ്രേഡിംഗ് നല്‍കാന്‍ വിസമ്മതിക്കുന്ന ഉല്‍പ്പന്നങ്ങളെ വിപണിയില്‍ നിന്ന് പിന്‍വലിക്കും. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പാക്കറ്റ് മാറ്റാന്‍ ആറ് മാസത്തെ സമയം നല്‍കി. ഗ്രേഡിംഗ് ലേബലിന്റെ കാലാവധി ഒരു വര്‍ഷമാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ ലേബല്‍ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന്  അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ചുമതല വഹിക്കുന്ന ഡോ അഹമ്മദ് അല്‍ ഖസ്‌റാജി പറഞ്ഞു. ജനസംഖ്യയില്‍ 61 ശതമാനം പേരും ഒന്നുകില്‍ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. 22 ശതമാനം പേര്‍ പൊണ്ണത്തടി സ്ഥിരീകരിച്ചവരാണ്. കുട്ടികളുടെ കാര്യത്തില്‍ 37 ശതമാനം പേര്‍ അമിതഭാരമോ പൊണ്ണത്തടിയോ നേരിടുന്നു. ഇത് വളരെ ഭീതിയുളവാക്കുന്ന കണക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.

Similar News