ഹൊസങ്കടി: മരം ദേഹത്ത് വീണ് കരാറുകാരന്‍ മരിച്ചു. ഹൊസങ്കടി കടമ്പാറിലെ ഇബ്രാഹിമിന്റെയും സുഹ്റയുടെയും മകന്‍ അബ്ദുല്‍ സത്താര്‍(46) ആണ് മരിച്ചത്. ഇന്നലെ രാവിലെ കടമ്പാര്‍ ഇടിയ്യയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ് അപകടം. സത്താറും മൂന്ന് ജോലിക്കാരും മുറിച്ച് പകുതിയിലായ മരം മറിച്ചിടാന്‍ വേണ്ടി തള്ളുന്നതിനിടെ ഇവരുടെ കൂട്ടത്തില്‍ നിന്ന് സത്താര്‍ ഓടി മരത്തിന്റെ ഇടയിലുള്ള കവുങ്ങിന് മുകളിലേക്ക് വീഴാതിരിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മരം ദേഹത്ത് വീണത്. നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സത്താറിനെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഭാര്യ: യാസ്മീന്‍. മൂന്ന് മക്കളുണ്ട്. മയ്യത്ത് കടമ്പാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ രാത്രിയോടെ ഖബറടക്കി.