പ്രതീകാത്മക ചിത്രം
ബേഡഡുക്ക: കൊളത്തൂരില്‍ പുലിയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പുലിയുടെ സാന്നിധ്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടും ക്യാമറകളും ശബ്ദം തിരിച്ചറിയുന്ന ഉപകരണങ്ങളും സ്ഥാപിക്കും.
പുലി ഭീതിയുള്ള എല്ലാ കേന്ദ്രങ്ങളിലും പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സംയുക്ത സ്പെഷ്യല്‍ ഡ്രൈവ് നടത്തും. സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളുടെ ഭീതിയകറ്റാന്‍ പ്രത്യേക ഇടങ്ങളില്‍ ആര്‍.ആര്‍.ടി സംഘം ആവശ്യമായ സുരക്ഷയൊരുക്കും.
യോഗത്തില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ അധ്യക്ഷത വഹിച്ചു. ജില്ലാ വനം മേധാവി കെ. അഷറഫ് നിലവിലെ പുലി സംബന്ധമായ വിഷയങ്ങളെ കുറിച്ച് വിശദീകരണം നടത്തി. റെയ്ഞ്ച് ഓഫീസര്‍ സി.വി. വിനോദ്, പഞ്ചായത്ത് അംഗങ്ങളായ നൂര്‍ജഹാന്‍, രഘുനാഥ് സംബന്ധിച്ചു.