പുലി സാന്നിധ്യം; മടിക്കൈയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു
By : Sub Editor
Update: 2025-01-16 10:28 GMT
കാഞ്ഞങ്ങാട്: പുലി സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന മടിക്കൈയിലെ രണ്ട് പ്രദേശങ്ങളില്‍ വനം വകുപ്പ് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചു. വെള്ളൂട, ബര്‍മത്തട്ട് എന്നിവിടങ്ങളിലാണ് പുലി സാന്നിധ്യമറിയാന്‍ ഇന്നലെ ക്യാമറകള്‍ സ്ഥാപിച്ചത്. ഫോറസ്റ്റ് ഓഫീസര്‍ രാഹുലിന്റെ നേതൃത്വത്തിലാണ് നടപടി. ഈ പ്രദേശത്ത് മൂന്നാഴ്ചയിലധികമായി പുലി സാന്നിധ്യമുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാരക്കോട്, വെള്ളൂട അത്തിക്കോത്ത് പ്രദേശങ്ങളിലാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. പുലി സാന്നിധ്യം ഉറപ്പിച്ചതോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളൂടയില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടിയിരുന്നു. ഈയൊരു അനുഭവം കൂടി കണക്കിലെടുത്താണ് വനപാലകര്‍ ജാഗ്രത പാലിക്കുന്നത്.