പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം-മന്ത്രി ഗണേഷ് കുമാര്‍
വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പരേഡ് വീക്ഷിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
കാസര്‍കോട്: രാജ്യത്ത് പട്ടിക ഗോത്രവര്‍ഗക്കാര്‍ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് എല്ലാവരും ഒരുപോലെ പരിശ്രമിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ഉള്ള തീവ്രവാദ, ഭീകരവാദ ഭീഷണികളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം. ഒരുപാട് സംസ്‌കാരങ്ങള്‍ ഒരുപാട് ഭാഷകളും ഉള്ള ഇന്ത്യയില്‍ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം അഷ്റഫ്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ കെ. എം.കെ നമ്പ്യാര്‍, എ.ഡി.എം പി. അഖില്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആര്‍.ഡി.ഒ പി. ബിനുമോന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.