അവാര്‍ഡ്ദാന ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി റഫയിലെ ആ സേവകന്‍; എം.പി ആദരിച്ചു
കാസര്‍കോട്: പലസ്തീനിലെ റഫയിലെ യുദ്ധഭൂമിയില്‍ യു.എ.ഇ റെഡ് ക്രസന്റിന്റെ വളണ്ടിയറായി മാസങ്ങളോളം നടത്തിയ തന്റെ സേവനത്തെ കുറിച്ച് എഴുതിയ ലേഖനത്തിന് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി ബദിയടുക്ക ചെടേക്കാല്‍ സ്വദേശി ബഷീര്‍ എത്തി. ഇന്നലെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന കാഴ്ച സാംസ്‌കാരിക വേദിയുടെ മാധ്യമ അവാര്‍ഡ്ദാന ചടങ്ങിലാണ് ബഷീര്‍ എത്തിയത്. ടി.എ ഷാഫി ഉത്തരദേശത്തിലെ വാരാന്തപതിപ്പില്‍ 2024 ജൂണ്‍ 8ന് എഴുതിയ, റാഫയില്‍ ബഷീര്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനത്തെ കുറിച്ചുള്ള ലേഖനമാണ് കാഴ്ച സാംസ്‌കാരിക വേദിയുടെ പ്രഥമ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. യു.എ.ഇ റെഡ് ക്രസന്റിന്റെ 150 വളണ്ടിയര്‍മാര്‍ അടങ്ങിയ സംഘത്തില്‍ യുദ്ധഭൂമിയില്‍ സേവനം അനുഷ്ഠിക്കാന്‍ ബഷീറും ഉണ്ടായിരുന്നു. 2023 ഡിസംബര്‍ 21നാണ് ബഷീര്‍ അടക്കമുള്ള സംഘം റഫയിലെത്തിയത്. പലസ്തീന്‍ യുദ്ധഭൂമിയിലെ ദുരിതബാധിതര്‍ക്ക് വേണ്ടി യു.എ.ഇ ഗവണ്‍മെന്റ് റഫയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫീല്‍ഡ് ആസ്പത്രിയില്‍ സേവനം അനുഷ്ഠിക്കാനാണ് 150 അംഗസംഘത്തെ നിയോഗിച്ചത്. ഇസ്രയേല്‍ ബോംബ് വര്‍ഷത്തില്‍ വെന്തെരിയുകയും ജീവന്റെ നേരിയ അംശം ബാക്കിയാവുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നതിനിടെ ഒരു ദിവസം ബഷീറിന്റെ ഇടതുകാല്‍ തുടയില്‍ ബോംബിന്റെ ചീളുകള്‍ തുളച്ചുകയറി. ആസ്പത്രിക്ക് വെളിയില്‍ നില്‍ക്കുമ്പോഴാണ് ഇസ്രയേല്‍ തൊടുത്തുവിട്ട ബോംബ് തൊട്ടടുത്ത പ്രദേശത്ത് വന്നുവീണതും ബഷീറിന് പരിക്കേറ്റതും. ദിവസങ്ങളോളം റഫയില്‍ തന്നെ ചികിത്സ തുടര്‍ന്ന ശേഷം അബൂദാബിയിലെത്തി ബോംബിന്റെ ചീളുകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയായിരുന്നു.
തന്നെ കുറിച്ച് എഴുതിയ സ്റ്റോറി അവാര്‍ഡിന് അര്‍ഹമായ വിവരം ഇന്നലെ സുഹൃത്ത് സമീര്‍ ചെങ്കളം വഴി അറിയാനിടയായ ബഷീര്‍ ആരെയും അറിയിക്കാതെ അവാര്‍ഡ്ദാന ചടങ്ങിലേക്ക് എത്തിച്ചേരുകയായിരുന്നു. ചടങ്ങില്‍ ഒരു അപ്രതീക്ഷിത അതിഥിയുണ്ടെന്ന് ടി.എ ഷാഫി സദസിനെ അറിയിച്ചതോടെ ബഷീറിനെ ആദരിക്കാന്‍ സംഘാടകര്‍ ഏറെ സന്തോഷത്തോടെ തയ്യാറാവുകയായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ബഷീറിന് പൊന്നാട അണിയിച്ചു. ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയ ബഷീര്‍ ഇന്നലെ രാത്രി അബൂദാബിയിലേക്ക് മടങ്ങി.