വെറുപ്പിന്റെ പ്രതീകത്തെ കത്തിച്ച് സന്ധ്യാരാഗം പുതുവര്‍ഷത്തെ വരവേറ്റു

By :  Sub Editor
Update: 2025-01-01 10:20 GMT

കോലായ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പുതുവര്‍ഷാഘോഷ പരിപാടിയില്‍ ഗായകര്‍ അടക്കമുള്ളവര്‍ നൃത്തം വെക്കുന്നു

കാസര്‍കോട്: മനസുകളില്‍ നിന്നും മണ്ണില്‍ നിന്നും വെറുപ്പിന്റെ പ്രതീകത്തെ കത്തിച്ചുക്കളഞ്ഞ് പുതുവര്‍ഷ നിമിഷങ്ങളെ ഹര്‍ഷാരവത്തോടെ വരവേറ്റ് കാസര്‍കോട്. ഇന്നലെ രാത്രി കോലായ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പുതുവര്‍ഷാഘോഷം 7 വര്‍ഷം മുമ്പ് അന്നത്തെ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു തുടക്കം കുറിച്ച വെറുപ്പിന്റെ പ്രതീകത്തെ കത്തിച്ചുക്കൊണ്ടുള്ള പുതുവത്സരാഘോഷത്തിന്റെ ആവര്‍ത്തനമായി. സന്ധ്യാരാഗത്തില്‍ കുടുംബിനികളും കുട്ടികളുമടക്കം പുതുവര്‍ഷാഘോഷത്തിന് വന്‍ജനാവലി എത്തിയിരുന്നു. 2025 കടന്നുവന്ന നിമിഷം കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി.എ ഷാഫിയുടെ നേതൃത്വത്തില്‍ വെറുപ്പിന്റെ പ്രതീകത്തെ കത്തിച്ചു. കോലായ് ജനറല്‍ സെക്രട്ടറി സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു. 7 മണിക്ക് ഉസ്താദ് ഖാലിദ് സാബിന്റെ നേതൃത്വത്തില്‍ ഖവാലി-സൂഫി സംഗീതം അരങ്ങേറി. തുടര്‍ന്ന് തണ്ടര്‍ വേര്‍ഡിസിന്റെ മ്യൂസിക്കല്‍ നൈറ്റ് ഉണ്ടായിരുന്നു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, നഗരസഭാംഗം കെ.എം ഹനീഫ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍, അഹ്മദ് ഹാജി അസ്മാസ്, സി.എല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സമീര്‍ ചെങ്കളം, ശോഭന കുഞ്ഞിക്കണ്ണന്‍, അഭിലാഷ്, എന്‍.എ അബ്ദുല്ല കുഞ്ഞി തുടങ്ങിയവരെ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി.എ മുഹമ്മദ് ചെര്‍ക്കള, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബാങ്കോട്, മുഖ്യ സ്‌പോണ്‍സര്‍ മുസ്തഫ ബി.ആര്‍.ക്യു എന്നിവര്‍ക്ക് നാസര്‍ ചെര്‍ക്കളം, ടി.എ ഷാഫി, ഇബ്രാഹിം ബാങ്കോട് എന്നിവര്‍ ഉപഹാരം നല്‍കി. അബു പാണലം, ബഷീര്‍ പടിഞ്ഞാര്‍മൂല, കരീം ചൗക്കി, ഹനീഫ് ബദരിയ ചൗക്കി, സുലൈഖാ മാഹിന്‍, സലീം മുഹ്‌സിന്‍ ഖാസിലേന്‍, അലി മറിയാസ്, സുബൈര്‍ ചെര്‍ക്കള, ഹനീഫ് തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആത്തിഷ അബ്ദുല്ല പരിപാടി നിയന്ത്രിച്ചു. പൊലീസ് നിര്‍ദ്ദേശപ്രകാരം കരിമരുന്ന് പ്രയോഗം ഒഴിവാക്കിയിരുന്നു.


Similar News