കാഞ്ഞങ്ങാടിനെ ചുവപ്പണിയിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ച്; മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് ക്രൂരമായി പെരുമാറുന്നു -വിജയരാഘവന്‍

By :  Sub Editor
Update: 2025-02-08 09:00 GMT

കാഞ്ഞങ്ങാട്: മോദിസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് ക്രൂരമായി പെരുമാറുകയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ആരോപിച്ചു. മൂന്നുദിവസമായി നടന്ന സി.പി.എം. കാസര്‍കോട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് അവിടത്തെ ഇന്ത്യക്കാര്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിസ്സംഗത. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് അമേരിക്കയിലെ ഇന്ത്യക്കാരെ കയ്യും കാലും ചങ്ങലക്കിട്ട് നടതള്ളുമ്പോള്‍ മോദി ഒന്നും മിണ്ടാതെ നോക്കിനില്‍ക്കുകയാണ്. മറ്റൊരു രാജ്യത്ത് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ക്രൂശിക്കപ്പെടുമ്പോള്‍ അതിനെതിരെ ചെറുവിരല്‍ പോലും അനക്കാത്ത മോദി രാജ്യത്തെ ശതകോടീശ്വരന്മാരുടെയും പ്രമാണിമാരുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. രാജ്യത്തെ കര്‍ഷകരെയും അടിസ്ഥാന ജനവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന നയം നരേന്ദ്രമോദി പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍, പി. കരുണാകരന്‍, മുന്‍ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രന്‍, അഡ്വ. സി.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ., വി.വി. രമേശന്‍, കെ.ആര്‍. ജയാനന്ദ, വി.കെ. രാജന്‍, എം. സുമതി, പി. ജനാര്‍ദ്ദനന്‍, കെ.വി കുഞ്ഞിരാമന്‍, സി. പ്രഭാകരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സംബന്ധിച്ചു. ഏരിയാ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. പൊതു സമ്മേളനത്തിന്റെ ഭാഗമായി ഊരാളി കലാ സംഘത്തിന്റെ കലാപരിപാടിയും അന്തരിച്ച വി.പി. പ്രശാന്ത് കുമാര്‍ ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പവും അരങ്ങേറി.

പൊതുസമ്മേളനത്തിന് മുന്നോടിയായി ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയര്‍മാര്‍ച്ച് കാഞ്ഞങ്ങാട് നഗരത്തെ ചെങ്കടലാക്കി മാറ്റി.

Similar News