സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി കാസര്‍കോട്; സംസ്‌കൃതോത്സവത്തില്‍ ജേതാക്കള്‍, അറബിക് കലോത്സവത്തില്‍ രണ്ടാമത്
സ്‌കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ മൂന്നാമത്;
സ്‌കൂളുകളില്‍ മൂന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ ട്രോഫി സ്വീകരിക്കുന്നു
കാസര്‍കോട്: തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ കാഴ്ചവെച്ചത് മികവാര്‍ന്ന പ്രകടനം. 913 പോയിന്റാണ് ജില്ല നേടിയത്. സംസ്‌കൃതോത്സവത്തില്‍ ഒന്നാം സ്ഥാനവും അറബിക് കലോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടിയത് ജില്ലയുടെ നേട്ടമായി. നാടകത്തിലും ചമ്പു പ്രഭാഷണത്തിലും കൂടിയാട്ടത്തിലും ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സംസ്‌കൃതോത്സവത്തില്‍ ജില്ല ഒന്നാം സ്ഥാനം നേടിയത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുംമ്പഡാജെ അഗല്‍പ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ സംസ്‌കൃതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അറബിക് കലോത്സവത്തില്‍ 93 പോയിന്റ് നേടിയാണ് കാസര്‍കോട് ജില്ല രണ്ടാമത് എത്തിയത്. ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല, ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തച്ചങ്ങാട് സ്‌കൂളുകള്‍ അറബിക് കലോത്സവത്തില്‍ മിന്നി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം ഇത്തവണയും ജില്ലയുടെ അഭിമാനമായി. ഒപ്പന, തിരുവാതിര, പഞ്ചവാദ്യം, ചെണ്ടമേളം, അറബനമുട്ട്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടകം തുടങ്ങിയ ഇനങ്ങളില്‍ എ ഗ്രേഡ് നേടാനായി. തച്ചങ്ങാട് സ്‌കൂളിലെ വൈഗയും നീലേശ്വരം രാജാസ് സ്‌കൂളിലെ ഗൗരി ലക്ഷ്മിയും ഹാട്രിക് എ ഗ്രേഡ് നേട്ടത്തോടെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ഇരുവരും നൃത്ത ഇനങ്ങളിലാണ് എ ഗ്രേഡ് നേടിയത്. ദുര്‍ഗ സ്‌കൂളിലെ മഹിപാല്‍ ആറ് ഇനങ്ങളില്‍ എ ഗ്രേഡ് നേടി ജില്ലയുടെ താരമായി. ജില്ലയില്‍ നിന്ന് അപ്പീല്‍ വഴിയടക്കം 787 പേരാണ് സംസ്ഥാ ന കലോത്സവത്തിനെത്തിയത്. ഇതില്‍ 20 പേര്‍ അപ്പീല്‍ വഴിയാണ് എത്തിയത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ ഒന്നാം സ്ഥാനവും അറബിക് കലോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടിയ കാസര്‍കോട് ജില്ലാ ടീം