ബന്തിയോട്: ബേരിക്ക കടപ്പുറത്ത് ഫൈബര്‍ തോണിക്ക് പെട്രോളൊഴിച്ച് തീവെച്ചു. തോണി പൂര്‍ണമായും കത്തി നശിച്ചു. ബേരിക്ക കടപ്പുറത്തെ കീര്‍ത്തേഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് കത്തി നശിച്ചത്. എഞ്ചിനും വലയുമടക്കം കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആരോ തീ വെച്ചതാണെന്നാണ് സംശയിക്കുന്നത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിസരത്ത് ആറോളം തോണികളും കടല്‍ തീരത്ത് കയറ്റി വെക്കാറുണ്ട്. ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ പുറത്ത് നിന്നെത്തുന്ന ഒരു സംഘം ലഹരി ഉപയോഗിച്ച് നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. തീ വെപ്പിന് പിന്നില്‍ ഇതേ സംഘമെന്നാണ് സംശയം. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉച്ചയോടെ പരിശോധിക്കും. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധക്കായി എത്തും.