അഞ്ഞൂറിന്‍ പൊലിവില്‍ അമാസ്‌ക്; സന്തോഷ് നഗറിന് ഇരട്ടി സന്തോഷം

By :  Sub Editor
Update: 2025-01-18 11:02 GMT

അമാസ്‌ക് സന്തോഷ് നഗര്‍ 500 മെമ്പര്‍ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷ പരിപാടി 'അഞ്ഞൂറിന്‍ പൊലിവ്' ടി.എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: മൂന്നര പതിറ്റാണ്ട് കാലമായി സന്തോഷ് നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാസ്‌ക് എന്ന സംഘടന 500 മെമ്പര്‍മാരെ തികച്ചതിന്റെ അപൂര്‍വ്വ നേട്ടം ആഘോഷിച്ചു. മറ്റു പല പ്രദേശങ്ങളിലും ഒന്നിലധികം ക്ലബ്ബുകള്‍ ഉണ്ടെങ്കില്‍ സന്തോഷ് നഗര്‍ കേന്ദ്രീകരിച്ച് അമാസ്‌ക് എന്ന സംഘടന മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. 35 വര്‍ഷമായി സന്തോഷ് നഗറിലെ യുവാക്കളെല്ലാം ഈ കൂട്ടായ്മയില്‍ അംഗമാണ്. ഇതിനിടയിലാണ് അമാസ്‌കില്‍ 500-ാമത്തെ അംഗം പേര് രജിസ്റ്റര്‍ ചെയ്തത്. ഗാനമേളയും നൃത്തവുമൊക്കെയായി ഈ നേട്ടം ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ആഘോഷിച്ചു. ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. അമാസ്‌ക് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ പി.എം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇസ്ഹാഖ് അമീന്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സുനൈഫ് എം.കെ, ഹൈപവര്‍ അംഗങ്ങളായ ഹമീദ് നെക്കര, ഹാജി സലീം, നൗഷാദ് എം.കെ, സുലൈമാന്‍ കുഞ്ഞിക്കാനം, ഖലീല്‍ കല്ലീസ്, മന്‍സൂര്‍ ഖത്തര്‍, സനാഫ് പി.എ, മുജീബ് കെ.ടി എന്നിവരും മഹ്മൂദ് കുഞ്ഞിക്കാനം, അന്‍വര്‍ ടി.എ, മജീദ് കുഞ്ഞിക്കാനം, ഷാക്കി ഷാസ്, സിറാജ് എതിര്‍ത്തോട് എന്നിവരും സംസാരിച്ചു. ട്രഷറര്‍ ഉമ്മര്‍ ബദരിയ നന്ദി പറഞ്ഞു.

പ്രശസ്ത ഗായകര്‍ അണിനിരന്ന സോങ് വോയ്‌സ് അവതരിപ്പിച്ച 'അഞ്ഞൂറിന്‍ പൊലിവ്' മെഗാ മ്യൂസിക്കല്‍ ഇവന്റ് നാടിന്റെ ഉത്സവമായി. അമാസ്‌ക് 500 മെമ്പര്‍ സെലബ്രേഷന്റെ ഭാഗമായി രണ്ട് അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ലൈഡര്‍ സമ്മാനമായി നല്‍കുകയും ചെയ്തു.


Similar News