5 ദിവസം പ്ലക്കാര്‍ഡുമായി തെരുവില്‍ നില്‍ക്കണം; ജാമ്യവ്യവസ്ഥയില്‍ മയക്കുമരുന്ന് പ്രതിയോട് കോടതി

Update: 2025-01-15 10:48 GMT

കാസര്‍കോട്: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അപൂര്‍വ വ്യവസ്ഥ മുന്നോട്ടുവെച്ച് കാസര്‍കോട് ജില്ലാ കോടതി. എം.ഡി.എം.എ കടത്തിനിടെ അറസ്റ്റിലായ പടന്നക്കാട് കുറുന്തൂര്‍ സ്വദേശി സഫ്വാന്റെ ജാമ്യ അപേക്ഷയിലാണ് ജില്ലാ ജഡ്ജി സാനു എസ്. പണിക്കര്‍ അപൂര്‍വ വ്യവസ്ഥ മുന്നോട്ടുവെച്ചത്. മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന പ്ലക്കാര്‍ഡുമായി തുടര്‍ച്ചയായി അഞ്ചുദിവസം പൊതുസ്ഥലത്ത് നില്‍ക്കണം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് നില്‍ക്കേണ്ടത്. 'നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജിക്കുക, ലഹരി വഴി നിങ്ങള്‍ക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ കുടുംബത്തെയും ആണ്' എന്ന വാക്കുകള്‍ എഴുതിയ പ്ലക്കാഡാണ് ഉപയോഗിക്കേണ്ടത്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്താണ് സഫ്വാന്‍ നില്‍ക്കേണ്ടത്. ഇതിന്റെ റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് നല്‍കണം. 2024 മെയ് 18നാണ് 30.6 ഗ്രാം എം.ഡി.എം.എയുമായി പ്രതി അറസ്റ്റിലായത്.എട്ടുമാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യുവാവ് പലതവണയായി ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഒടുവില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് അപൂര്‍വ ജാമ്യ വ്യവസ്ഥ ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചത്.

Similar News