തഹാവൂര്‍ റാണയെ പൂട്ടാന്‍ എന്‍.ഐ.എ; മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ് ലി അയച്ച ഇമെയിലുകള്‍ കോടതിയില്‍ ഹാജരാക്കി
18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കുമെന്ന് എന്‍ഐഎ സംഘം;
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ പൂട്ടാന്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി എന്‍ഐഎ. തഹാവുര്‍ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ് ലി അയച്ച ഇമെയിലുകളാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.
ഭീകരാക്രമണ പദ്ധതി സൂചിപ്പിക്കുന്ന മെയിലുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കുമെന്ന് എന്‍ഐഎ സംഘം അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യല്‍ നിരീക്ഷിക്കുന്നത്.
കേസില്‍ തഹാവുര്‍ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനുള്ള ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൈമാറ്റ ഉടമ്പടിയില്‍ വധശിക്ഷ പാടില്ലെന്ന് വ്യവസ്ഥയില്ലെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചതോടെ മുംബൈ വലിയ ആശ്വാസത്തിലാണ്. 166 പേരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തിലെ മുഴുവന്‍ ഗൂഢാലോചനയും ഇനി പുറത്തുകൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷ. ഏറ്റുമുട്ടലിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ മഹാനഗരം ശ്രമിക്കുന്നുണ്ട് എങ്കിലും ഇടയ്ക്കിടെ പൊലീസിന് ലഭിക്കുന്ന അക്രമ ഭീഷണികളും വെടിവെപ്പും വലിയ വെല്ലുവിളികളാണ്.
2008 നവംബര്‍ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈയിലെ ഭീകരാക്രമണം. 60 മണിക്കൂറുകളോളം നീണ്ട ഈ ആക്രമണം രാജ്യത്തെ ഒന്നടങ്കം നടുക്കി. ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ പ്രധാനിയാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണ.
തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുടെ അടുത്ത അനുയായിയാണ്. പാക്ക് വംശജനും കനേഡിയന്‍ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കര്‍ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ് ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നല്‍കിയതും റാണയുടെ സ്ഥാപനമാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
റാണ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ യുഎസ് 2023 ല്‍ തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ കോടതികളില്‍ റാണ നല്‍കിയ അപ്പീലുകള്‍ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ കഴിഞ്ഞ ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി. തുടര്‍ന്നാണ് കഴിഞ്ഞദിവസം റാണയെ ഇന്ത്യയില്‍ എത്തിച്ചത്.
മുംബൈ 26/11 ആക്രമണത്തിലെ പ്രതി തഹാവൂര്‍ റാണയെ കൈമാറുന്നത് 'ഹീനമായ' ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ആറ് അമേരിക്കക്കാര്‍ക്കും മറ്റ് ഇരകള്‍ക്കും നീതി തേടുന്നതിനുള്ള 'നിര്‍ണ്ണായക നടപടി'യാണെന്നാണ് കഴിഞ്ഞദിവസം യുഎസ് നീതിന്യായ വകുപ്പ് പറഞ്ഞത്.
'ഹെഡ്ലിയുമായുള്ള സംഭാഷണത്തിനിടെ, ആക്രമണങ്ങള്‍ നടത്തി കൊല്ലപ്പെട്ട ഒമ്പത് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ റാണ പ്രശംസിച്ചതായും കോടതി ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ 'യുദ്ധത്തിലെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതി' വീരമൃത്യു വരിച്ച സൈനികര്‍ക്ക് മാത്രമുള്ളതാണ്' - എന്ന് റാണ പറഞ്ഞതായും കോടതി നിരീക്ഷിച്ചു.
ആക്രമണത്തിനിടെ സുരക്ഷാ സേന ഒമ്പത് ഭീകരരെ കൊലപ്പെടുത്തി. ആക്രമണത്തെ അതിജീവിച്ച ഏക ഭീകരനായ അജ്മല്‍ അമീര്‍ കസബിനെ 2012 ല്‍ തൂക്കിലേറ്റി.
പാകിസ്ഥാന്‍ വംശജനായ 64 കാരനായ കനേഡിയന്‍ പൗരനെ ബുധനാഴ്ച യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോയി, വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ എത്തി. 2008-ലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളും തന്റെ ബാല്യകാല സുഹൃത്തുമായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ റാണ, 1997-ല്‍ കാനഡയിലേക്ക് കുടിയേറി, പിന്നീട് യുഎസിലേക്ക് താമസം മാറി ചിക്കാഗോയില്‍ ഒരു നിയമ സ്ഥാപനവും ഒരു കശാപ്പുശാലയും ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ ആരംഭിച്ചു. ഹെഡ് ലിക്ക് ഇമിഗ്രേഷന്‍ പരിചയമൊന്നുമില്ലെങ്കിലും, തന്റെ ഇമിഗ്രേഷന്‍ ബിസിനസിന്റെ ഒരു മുംബൈ ശാഖ തുറക്കാനും ഹെഡ് ലിയെ ഓഫീസിന്റെ മാനേജരായി നിയമിക്കാനും റാണ ആലോചിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍, റാണയ്ക്ക് തെറ്റാണെന്ന് അറിയാമായിരുന്ന വിവരങ്ങള്‍ അടങ്ങിയ വിസ അപേക്ഷകള്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഹെഡ് ലിയെ സഹായിച്ചതായുള്ള ആരോപണങ്ങളും യുഎസ് നീതിന്യായ വകുപ്പ് എടുത്തുപറഞ്ഞു.
റാണയുടെ ബിസിനസ്സിന്റെ ഒരു ബ്രാഞ്ച് ഓഫീസ് തുറക്കുന്നതിന് ഇന്ത്യന്‍ അധികാരികളില്‍ നിന്ന് ഔദ്യോഗിക അനുമതി നേടാനുള്ള ഹെഡ് ലിയുടെ ശ്രമത്തെ പിന്തുണയ്ക്കുന്ന രേഖകള്‍, സംശയാസ്പദമല്ലാത്ത ബിസിനസ് പങ്കാളി വഴി അദ്ദേഹം നല്‍കിയതായും ആരോപണമുണ്ട്.
2009 ല്‍ യുഎസ് പൊലീസ് അറസ്റ്റ് ചെയ്ത റാണയ്ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.