തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും

Update: 2025-02-17 10:45 GMT

മുംബൈ: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. മന്ത്രി എ.കെ. ശശീന്ദ്രന്‍ തോമസ് കെ.തോമസിനായി വാദിച്ചു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരും. ഈ മാസം 25ന് കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

പാര്‍ട്ടി തീരുമാനിച്ചിട്ടും മുഖ്യമന്ത്രി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തത് തനിക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ പിളര്‍പ്പിലേക്ക് നയിക്കുമെന്ന ഘട്ടമുണ്ടായതുകൊണ്ടാണ് താന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പി.സി. ചാക്കോ ശരദ് പവാറിനെ ബോധിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.

Similar News