നിമിഷ പ്രിയയുടെ മോചനം: മധ്യസ്ഥ ചര്‍ച്ചയ്ക്ക് യെമനില്‍ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീം കോടതി
മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്ര സര്‍ക്കാര്‍;
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചയ്ക്ക് യെമനില്‍ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഇതുസംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ടശേഷം ഹര്‍ജിക്കാരോട് കേന്ദ്രത്തെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
നിമിഷ പ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ഒരു ആവശ്യം. യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഹര്‍ജിക്കാര്‍ക്ക് യെമനില്‍ പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെ എന്നുമായിരുന്നു ഇതിന് സുപ്രീം കോടതിയുടെ മറുപടി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനില്‍ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹര്‍ജിക്കാരോട് ചോദിച്ചു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുടുംബത്തിന് പുറമെ പവര്‍ ഓഫ് അറ്റോര്‍ണിക്കും ചര്‍ച്ച നടത്താം. ഇവര്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഏതെങ്കിലും ഒരു സംഘടന ചര്‍ച്ച നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം ചര്‍ച്ചകള്‍ക്കായി നയതന്ത്ര -മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രീം കോടതി അനുമതി നല്‍കി.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച കാര്യം അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. മോചന ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മോചനം സാധ്യമാകണമെങ്കില്‍ ആദ്യം കൊല്ലപ്പെട്ട യെമെന്‍ പൗരന്‍ തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ഇതിനായി തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമെനില്‍ പോകാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.
നിമിഷ പ്രിയക്ക് മാപ്പ് നല്‍കുന്നതിലും ദയാധനം സ്വീകരിക്കുന്നതിലും മരിച്ച യെമന്‍ പൗരന്റെ കുടുംബത്തില്‍ നിന്നും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. മധ്യസ്ഥ സംഘത്തിലെ രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്നും സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനും കോടതിയില്‍ ആവശ്യപ്പെട്ടു.
ആറംഗ മധ്യസ്ഥ സംഘത്തിന് ചര്‍ച്ചകള്‍ക്കായി യെമെനില്‍ പോകാന്‍ അനുമതി വേണമെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍, ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തില്‍ ഉള്‍പെടുത്തണമെന്നുമാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. മര്‍കസ് പ്രതിനിധികളായി ഡോ ഹുസൈന്‍ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യവുമായി കൗണ്‍സിലിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം. ഇതുമായി ബന്ധപ്പെട്ട നിവേദനം ലഭിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥരോട് പറയാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ അവകാശം നിമിഷപ്രിയയുടെ കുടുംബത്തിനാണെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നിമിഷപ്രിയയുടെ അമ്മ നിലവില്‍ യെമെനില്‍ ഉണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ അമ്മ വെറും വീട്ടുജോലിക്കാരിയാണെന്നും, അവരെ സഹായിക്കാനായി ഒരു പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടി വെച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പുറമെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പങ്കും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരാകുന്ന അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. മൂന്ന് തവണ കാന്തപുരത്തിന്റെ പങ്ക് സീനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതേക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ഒരു തവണ പോലും പരാമര്‍ശിച്ചില്ല. മോചം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മാത്രമായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയത്.
ചര്‍ച്ചകളുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പറയാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. താന്‍ കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ അതാത് സമയത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഇത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് ഈ ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ രഹസ്യവാദം ആകാമെന്ന് കോടതി അഭിപ്രായപ്പെട്ടത്.
അതിനിടെ നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ചുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ആര്‍ജെഡി ദേശീയ കൗണ്‍സില്‍ അംഗം സലീം മടവൂര്‍ ഡിജിപിക്ക് പരാതി നല്‍കി. കൊല്ലപ്പെട്ട തലാല്‍ അബ്ദുല്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ് ദിയുടെ ഫെയ്സ് ബുക്കില്‍ കമന്റ് ചെയ്തും തലാലിന്റെ ബന്ധുക്കളെ ഇന്റര്‍വ്യൂ ചെയ്ത് നിമിഷ പ്രിയയുടെ മോചനം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. മുബാറക്ക് റാവുത്തര്‍ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു.