'അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു'; രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

Update: 2025-03-03 13:28 GMT

ബംഗളൂരു: തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാനയ്‌ക്കെതിരെ വിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ നിരസിച്ചതാണ് വിമര്‍ശനത്തിന് കാരണം.

മാണ്ഡ്യ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രവികുമാര്‍ ഗൗഡ ഗനിഗയാണ് രശ്മികയ്‌ക്കെതിരെ തിരിഞ്ഞത്. രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രശ്മികയുടെ ഈ പെരുമാറ്റത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെ സിനിമയിലെത്തിയ രശ്മിക മന്ദാനയെ ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ക്ഷണിച്ചപ്പോള്‍ അവര്‍ അത് നിരസിച്ചു. 'എന്റെ വീട് ഹൈദരാബാദിലാണ്. കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല.' എന്നാണ് രശ്മിക പറഞ്ഞത് എന്നും എം.എല്‍.എ വ്യക്തമാക്കി.

'പത്തോ പന്ത്രണ്ടോ തവണയാണ് ഞങ്ങളുടെ ഒരു എം.എല്‍.എ അവരെ ക്ഷണിക്കാനായി വീട്ടില്‍ പോയത്. എന്നാല്‍ അവര്‍ അതെല്ലാം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ടുപോലും അവര്‍ കന്നഡയെ അവഹേളിച്ചു. അവരെ നമ്മളൊരു പാഠം പഠിപ്പിക്കേണ്ടേ' - എന്നാണ് എം.എല്‍.എ ചോദിച്ചത്. കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രസ്താവനയോട് ബി.ജെ.പി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം മുന്‍ കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ രവികുമാറിനെതിരെ രംഗത്തെത്തി.

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും രവികുമാറിനോട് ഭരണഘടന വായിക്കാന്‍ പറയണമെന്നാണ് അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടത്. ഭരണഘടനയെ കുറിച്ചുള്ള 'പാഠം പഠിക്കണ'മെങ്കില്‍ താന്‍ സൗജന്യമായി അത് പഠിപ്പിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

Similar News