ആദ്യ 'ഹരിത ന്യായാധിപന്‍' ; ജസ്റ്റിസ് കുല്‍ദീപ് സിംഗ് അന്തരിച്ചു
താജ് മഹല്‍ സംരക്ഷണം, വനസംരക്ഷണം കേസുകള്‍ക്ക് ചുക്കാന്‍ പിടിച്ചു.
പരിസ്ഥിതി രംഗത്തെ കേസുകളില്‍ അവിസ്മരണീയവും അസാധാരണവുമായ ഇടപെടലുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതിയിലെ ആദ്യ ഹരിത ന്യായാധിപന്‍ എന്നറിയപ്പെടുന്ന ജസ്റ്റിസ് കുല്‍ദീപ് സിംഗ് വിടവാങ്ങിയത്. 92 വയസ്സായിരുന്നു. 1996ല്‍ അദ്ദേഹം വിരമിക്കുമ്പോള്‍ രണ്ട് പാരിസ്ഥിതിക കേസുകളാണ് സമര്‍ത്ഥമായി കൈകാര്യം ചെയ്തത്. കേസില്‍ സുപ്രീം കോടതിയുടെ ഹരിത ബെഞ്ചുകള്‍ ഇന്നും വാദം കേട്ടുകൊണ്ടിരിക്കുകയാണ്.
1988 ഡിസംബര്‍ 14നാണ് സുപ്രീം കോടതി ജഡ്ജായി കുല്‍ദീപ് സിംഗ് നിയമിതനാവുന്നത്. 1985ല്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മെഹ്ത ഫയല്‍ ചെയ്ത കേസായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. വ്യവസായ ശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകകാരണം താജ്മഹല്‍ നശിക്കുകയാണെന്നും മാര്‍ബിളുകളുടെ നിറം മാറുന്നുവെന്നുമായിരുന്നു കേസ്. മറ്റൊന്ന് 1995ല്‍ ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് ഫയല്‍ ചെയ്ത കേസായിരുന്നു. ചന്ദന മരങ്ങളെ സംരക്ഷിത മരങ്ങളായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. രണ്ട് കേസുകളിലും അദ്ദേഹം അതീവതാത്പര്യം പ്രകടിപ്പിച്ചു. താജ്മഹല്‍ സംരക്ഷിക്കാനും മലീനീകരണം കുറക്കാനും ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കി. രാജ്യത്തുടനീളമുള്ള അനാവശ്യമായ വനനശീകരണം തടയാനും ന്യായാധിപനെന്ന നിലയില്‍ അദ്ദേഹം മുന്‍കൈയെടുത്തു. ഈ രണ്ട് കേസുകളാണ് അദ്ദേഹത്തിന് ഹരിത ജഡ്ജ് എന്ന വിശേഷണം നല്‍കിയത്. രണ്ട് കേസുകളും സുപ്രീം കോടതിയിലെ രണ്ട് ബെഞ്ചുകളില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്.
1932ല്‍ ഇന്നത്തെ പാകിസ്താനിലെ ഝലത്തിലാണ് ജനനം. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമപഠനത്തില്‍ ബിരുദം. 1987ല്‍ പഞ്ചാബിലെ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. ഇതേവര്‍ഷം അഡീഷണല്‍ സോളിസിറ്റര്‍ പദവിയിലെത്തിയതോടെ ഡല്‍ഹിയിലേക്ക് മാറി.