ഡല്‍ഹി മുഖ്യമന്ത്രിയെ 19 ന് പ്രഖ്യാപിക്കും; 20 ന് സത്യപ്രതിജ്ഞാ ചടങ്ങ്; ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് 13 -ാം ദിവസവും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ല. എങ്കിലും 19 ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തിന്റെ തീരുമാനം. തൊട്ടടുത്ത ദിവസം 20 ന് വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വൈകിട്ട് നാലരയ്ക്ക് രാംലീല മൈതാനത്ത് ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങിയിരിക്കുകയാണ് ബിജെപി. 27 വര്‍ഷത്തിനുശേഷമാണ് വീണ്ടും അധികാരത്തിലെത്തുന്നത് എന്നതുകൊണ്ടുതന്നെ അത് ആഘോഷമാക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 50 സിനിമാ താരങ്ങള്‍ അടക്കം സെലിബ്രിറ്റികള്‍ക്കും ക്ഷണം ഉണ്ട്. ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും. ബുധനാഴ്ച നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും.
കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജനറല്‍ സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി. പര്‍വേഷ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടകയിലുള്ളത്.
ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ കക്ഷി യോഗം മാറ്റിയത്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം തുടരുകയാണ് മുഖ്യ പ്രതിപക്ഷമായ എഎപി. ബിജെപി എംഎല്‍എമാരെ മോദിക്ക് വിശ്വാസമില്ലെന്ന് കാവല്‍ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി.
നേരത്തെ വിദേശ സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മോദി തിരിച്ചെത്തി ഇത്രയും ദിവസമായിട്ടും തീരുമാനം എടുക്കാത്തതിലാണ് വിമര്‍ശനം. കഴിവും പ്രാപ്തിയുമുള്ള ആളെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍.