ഛത്തീസ് ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം
ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്;
ന്യൂഡല്‍ഹി: ഛത്തീസ് ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേര്‍ ജാമ്യം നില്‍ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യത്തെ ഛത്തീസ് ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. കോടതി ഉത്തരവ് ജയിലില്‍ എത്തുന്നതോടെ ഇരുവരും ജയില്‍ മോചിതരാകും. ജാമ്യത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി കുടുംബം പറഞ്ഞു.
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെ കൂട്ടിയ മൂന്നു പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ആഗ്രയിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയാണ് അറസ്റ്റ്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മനുഷ്യക്കടത്ത് എന്‍ഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവ പരിഗണിക്കാന്‍ എന്‍ഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ് ഗഡ് സര്‍ക്കാര്‍ വാദിച്ചത്. ഇത് അഡിഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. ആദ്യം കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ് കന്യാസ്ത്രീകള്‍ എന്‍ഐഎ കോടതിയെ സമീപിച്ചത്. ജാമ്യത്തെ ഛത്തീസ് ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
അറസ്റ്റിന് പിന്നാലെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.